ആകാശം ( കവിത -രേഷ്മ തലപ്പള്ളി )

നീ നട്ടൊരാകാശം ഭൂമിയിലേക്ക്
വളരുന്നുണ്ട്.
അതിന്റെ ചില്ലകളിലൂടെ
മേഘങ്ങളും നക്ഷത്രങ്ങളും
ഭൂമി കാണാനിറങ്ങുന്നുണ്ട്.

മിന്നലും മഴയും
ചില്ലയൊടിഞ്ഞ് വീഴുന്നു.
നിറങ്ങളായി മുറിയപ്പെട്ടൊരു
മഴവില്ല് ഇലകൾക്കടിയി ലൊളിക്കുന്നു.

വേരിന്റെ സമ്മതം കിട്ടാത്ത –
തിനാലൊരു സൂര്യൻ
കാത്തിരിക്കുന്നു.
നീ നട്ടൊരാകാശം
ഭൂമിയിലേക്ക് വളരുന്നു.
നിലാവിനെ പെറ്റിടുന്നു.
ഭൂമി കാണുന്നു.
പിന്നെ ഇരുട്ടിൽ മുങ്ങുന്നു.
ഇരുട്ടിനാൽ ഇരുട്ടിനെ മൂടുന്നു.