മൂലവിരാട് (കവിത രജികുമാർ പുലാക്കാട്)

ചില മൂലകളുണ്ട് :
കാൽച്ചിത്രങ്ങൾ അധികം പതിയാത്ത,
തന്നിലേക്കുതന്നെ തുറന്നിരിക്കുന്ന,
ധ്യാനനിമഗ്നമായ മൂലകൾ
വാതിലടയ്ക്കുമ്പോൾ മാത്രം വെളിപ്പെടുന്ന,
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമപോലെ
ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും
ഒരു കലർപ്പ്,
പിടിതരാത്ത പ്രാചീനതയുടെ
ഒരു തുറസ്സ്,
കണ്ണിൽ കാമില നിറയ്ക്കുന്ന
വഴുവഴുപ്പ്
ഇരുട്ടും രാത്രിയും പിറക്കുന്ന, അമ്മയ്ക്കുപോലും അപ്രാപ്യമായ,
ചൂലുകൾ മാത്രം പരിചരിക്കുന്ന
ചില മൂലകൾ.

കൗസല്യാസുപ്രജാരാമാ
കാലത്തെയുണർത്തുന്ന അമ്മ
സന്ധ്യകളിൽ വീടിനെ
ആ മൂലയിലേക്ക് അടിച്ചുകൂട്ടും
ഒരു തേരട്ടയെപ്പോലെ പഞ്ചപുച്ഛമടക്കുന്ന വീടിനെ
മുറത്തിലാക്കി പുറത്തെറിയും.

ചെറുതിൽ, ഒളിച്ചുകളിക്കിടെ
അറിയാതെയിരുവരും
ഒന്നിച്ചൊളിച്ചൊരാമൂലയിൽ വെച്ചാണ്
എന്തിനെന്നറിയാതെ
ഏതോപുരാതന ബോധപ്രവാഹത്തിൽ
അവളെ ആദ്യമായ്‌ ഉമ്മവെച്ചത്
പിന്നീടൊരിക്കലും പോകാൻ കഴിയാത്ത
കൊട്ടോപ്പഴത്തിന്റെ ആ ചുവന്ന മൂല
ഇന്നും മനസ്സിൽ കല്ലിച്ചു കിടക്കുന്നു.

പകൽ,
വാതിൽ തുറന്നുകിടന്നാൽ
അധികം ശ്രദ്ധിക്കപ്പെടാതെ,
രാത്രികളിൽ
വിലക്കപ്പെട്ട വിശാലതകളിലേക്ക്
ഇരുചെവിയറിയാ രഹസ്യങ്ങളിലേക്ക്
പഠിച്ചകള്ളന്റെ പണിത്തികവോടെ
ഇടംകണ്ണിട്ട്, ചെവിത്തുള കൂർപ്പിച്ച്
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്ന്
അവിടെയുമിവിടെയും പറ്റിനടക്കുന്ന
മൂല മന്ത്രങ്ങൾ.

രോഗം മൂർച്ഛിച്ച് കിടപ്പിലായശേഷം
നടക്കാൻവയ്യാത്ത അച്ഛൻ
എല്ലാരും പുറത്ത്
സൊറ പറഞ്ഞിരിക്കുന്ന അപരാഹ്‌നങ്ങളിൽ
സ്വപ്നം ഞെട്ടിയുണർന്ന കുട്ടിയെപ്പോലെ
വീടു മുഴുവൻ ഇഴഞ്ഞു പരതി
ഒടുവിൽ ആ മൂലയിൽ
ഒളിച്ചുനിൽക്കുന്നതെന്തിനാണെന്ന്
എനിക്കോ അമ്മയ്ക്കോ മനസ്സിലായില്ല.

ഏകാന്തതയിൽ പുറത്തെടുത്തോമനിയ്ക്കാൻ
ഒരു സ്വപ്നംപോലും ബാക്കിവെക്കാതെ
മരിച്ച അച്ഛന്
വെലിയിട്ടു വന്നതിന്റെ പിറ്റേന്ന്മുതൽ
ആരുംകാണാതെ അമ്മയും
ആ മൂലയിൽ ഒളിച്ചിരിക്കാൻ തുടങ്ങി.

ഇപ്പോൾ വാതിലടയ്ക്കാൻ പേടിയാണ്
മൂലയിൽ പതുങ്ങിയിരിക്കുന്ന
കാലസർപ്പം
ഇരുളിന്റെ പെരുവായ് തുറന്ന്
ഏതു നിമിഷവും
വീടിനെ വിഴുങ്ങിയേക്കാം