കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബാംഗ്ലൂര്‍: കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടക. കേരള അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച്ച ക്വാറന്റീന്‍ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. അതേസമയം ബാംഗ്ലൂരു ഹൊസൂര്‍ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബാംഗളൂരുവിലെ നഴ്‌സിങ്ങ് കോളേജുകളിലടക്കം കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്നത് നിര്‍ബന്ധമാക്കി. അതേസമയം ബാംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് ഒമ്രികോണ്‍ വകഭേദദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ വിശദമായ പരിശോധനയില്‍ പുതിയ വകഭേദമല്ലെന്ന് വ്യക്തമായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി.