കണക്കുകളില്‍ പൊരുത്തക്കേട്; ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ നിര്‍മാതാക്കള്‍ക്ക് ആദായ നികുതി നോട്ടീസ്

കൊച്ചി: സിനിമാ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വകുപ്പിന് സമര്‍പ്പിച്ച കണക്കുകളിലും വരുമാനത്തിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്.

നിര്‍മാതാക്കള്‍ ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ട്. കണക്കില്‍ പറയുന്ന വരുമാനമല്ല ഇവര്‍ക്കുള്ളതെന്ന് വകുപ്പ് കണ്ടെത്തി. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നു. താരങ്ങളുടെ പ്രതിഫലം വിതരണാവകാശ കരാറായി കാണിക്കുന്നു. ഇതിലൂടെ ടി.ഡി.എസ് ലാഭിക്കുന്നതായും വകുപ്പ് ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് മൂവരും നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

ആവശ്യമായ രേഖകള്‍ സഹിതം എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ മൂവരുടെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വകുപ്പിന്റെ നടപടി.