മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വെക്കെതിരെ എന്‍എസ്എസ്

തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വ്വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി എന്‍എസ്എസ്. നിലവിലെ സര്‍വ്വേ അശാസ്ത്രീയമാണെന്നും സര്‍വ്വേ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ എന്‍എസ്എസ് പറഞ്ഞു. സര്‍വ്വേയില്‍ ശേഖരിക്കുന്നത് ചെറിയ സാമ്പിള്‍ മാത്രമാണെന്നതാണ് ഹര്‍ജിയിലെ വിമര്‍ശനം.

മുഴുവന്‍ മുന്നോക്കക്കാരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിവര ശേഖരം നടത്തുന്നില്ലെന്നാണ് ഹര്‍ജിയില്‍ ഉയര്‍ത്തുന്ന ആരോപണം. യോഗ്യരായവരെ കൊണ്ട് ആധികാരികമായി സര്‍വ്വേ നടത്തണമെന്നും രാജ്യത്ത് സെന്‍സസ് എടുക്കുന്ന രീതിയില്‍ വിവരശേഖരണം നടത്തണമെന്നുമാണ് എന്‍എസ്എസിന്റെ ആവശ്യം. തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.