ഹലാല്‍ വിദ്വേഷ പ്രസംഗത്തിലൂടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം; കെ സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പരാതിയിലാണ് നടപടി.

നവംബര്‍ 17ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാറാണ് പരാതി നല്‍കിയത്. പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്നാണ് ആരോപണം.

ഈ സര്‍ക്കാര്‍ കാലത്ത് കേരളാ പൊലീസും സംഘപരിവാറും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന് വെല്‍ഫയര്‍പാര്‍ട്ടി ആരോപിക്കുന്നു. പൊലീസില്‍ നിന്ന് നീതിപൂര്‍വമായ നടപടികളല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.