നീലച്ചിത്ര നിര്‍മാണം; രാജ് കുന്ദ്രയെ നാല് ആഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ആശ്വാസം. നാല് ആഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടിസ് നല്‍കി.

മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാജ് കുന്ദ്ര സുപ്രീം കോടതിയെ സമീപിച്ചത്. വിഡിയോയില്‍ അശ്ലീലം ഇല്ലെന്നും ഇത്തരം വിഡിയോകള്‍ നിര്‍മിക്കുന്നതിലോ വിതരണം ചെയ്യുന്നതിലോ പങ്കില്ലെന്നും രാജ് കുന്ദ്ര കോടതിയെ അറിയിച്ചു.

അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ജൂലൈയില്‍ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസത്തെ ജയില്‍വാസത്തിനുശേഷമാണ് കുന്ദ്ര പുറത്തിറങ്ങിയത്. കേസിന് ആസ്പദമായ സംഭവത്തില്‍ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയില്‍ വാദിച്ചു.

സിനിമയില്‍ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ശില്‍പ ഷെട്ടിയുള്‍പ്പെടെ 43 സാക്ഷികളാണു കേസിലുള്ളത്. ശില്‍പ ഷെട്ടിക്ക് കുന്ദ്രയുടെ പദ്ധതികളൊന്നും അറിവുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.