വിസി നിയമനം; കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ല, ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍

കൊച്ചി: വിസി നിയമന വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. വിസി നിയമനത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. കത്ത് പുറത്തുവിട്ട ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച മന്ത്രി ചോദ്യങ്ങളോട് ക്ഷുഭിതയായാണ് അന്ന് പ്രതികരിച്ചത്. ചട്ടം ലംഘിച്ച ബിന്ദുവിന്റെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ പ്രതികരണം വരുന്നത്.

കണ്ണൂര്‍ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഗവര്‍ണര്‍ തന്റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതല്‍ യുഡിഎഫ് ആവശ്യപ്പെടുന്നത് മന്ത്രിയുടെ രാജിയാണ്. ഇന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷി വരെ മന്ത്രിയുടെ ഇല്ലാത്ത അധികാരത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് ഇത് ആയുധമായി.