യോഗിയെ പുകഴ്ത്തി പ്രധാനമന്ത്രി

ലക്‌നൗ: അടുത്ത തലമുറയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ച സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്ന നാള്‍ അകലെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാജഹാന്‍പൂരിലെ ഗംഗ എക്‌സ്പ്രസ് വേയുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗംഗ എക്‌സ്പ്രസ് വേ വരുന്നതോടെ സംസ്ഥാനത്ത് അസംഖ്യം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും കൃഷിക്കാര്‍ക്കും യുവാക്കള്‍ക്കും ഫലമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഈ എക്‌സ്പ്രസ്‌വെ യുപിയുടെ വികസനത്തിന് വാതില്‍ തുറക്കും. യുവാക്കള്‍ക്ക് അസംഖ്യം ജോലികള്‍ക്കും അവസരങ്ങള്‍ക്കും ഇടയാക്കും’ പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ യു.പിയില്‍ നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ യോഗിയുടെ ബുള്‍ഡോസറുകള്‍ ഇല്ലാതാക്കുന്നതായും മാഫിയകള്‍ക്ക് യോഗിയുടെ ബുള്‍ഡോസറുകളെ നേരിടേണ്ടി വരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മാഫിയകള്‍ വേദനിക്കുകയാണ്. അതുകൊണ്ട് യുപി + യോഗി= ഉപയോഗി (വളരെ ഉപയോഗമുളളത്) എന്ന മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മുന്‍കാല സംസ്ഥാന സര്‍ക്കാരുകളെയും പ്രതിപക്ഷത്തെയും മോദി പ്രസംഗത്തില്‍ കടന്നാക്രമിച്ചു. ഇതുവരെ ഒരുപറ്റം ആളുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പണംകൊണ്ട് ഉപകാരമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരിലും ഗുണമുണ്ടാകാന്‍ അത് കാരണമായി. സംസ്ഥാനത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാജ്യത്തെ വികസനവും പാരമ്പര്യവും വലിയ പ്രശ്‌നമാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളെ സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് എതിര്‍ത്തു. മായയില്‍ നിന്ന് അകന്ന് നില്‍ക്കുന്നയാളാണ് യോഗി. എന്നാല്‍ ഇവിടെ യോഗി നേരിട്ട് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നയാളാണ് അഖിലേഷ് പരിഹസിച്ചു. പ്രധാനമന്ത്രി പറഞ്ഞ മുദ്രാവാക്യത്തെ പരിഹസിച്ച അഖിലേഷ് 24 മണിക്കൂറും ജോലി ചെയ്തിട്ടും സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കാത്ത ‘അണ്‍ഉപയോഗി’യാണ് യോഗി ആദിത്യനാഥെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.