കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്‍കി. ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ കരടിന് അന്തിമ രൂപം നല്‍കും. ജനുവരി 7 മുതല്‍ 9 വരെ ഹൈദരാബാദില്‍ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

അതേസമയം, ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും ബംഗാള്‍ മോഡല്‍ സഖ്യം സി.പി.എം തള്ളിയില്ല. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി പ്രത്യേക സാഹചര്യങ്ങളില്‍ തിരഞ്ഞെടുപ്പ് സഖ്യം തുടരുമെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്ന് പി.ബിയില്‍ വിമര്‍ശനമുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക കക്ഷികളാണെന്നും പി.ബി യോഗം വിലയിരുത്തി.