ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കിയില്ലെങ്കില്‍ വിവാഹമോചനം തേടാം; ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവ് പുനര്‍വിവാഹം കഴിക്കുകയും തുല്യ പരിഗണന നല്‍കാതിരിക്കുകയും സമാനമായ ജീവിത സാഹചര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹമോചനം നല്‍കണമെന്ന് കേരള ഹൈക്കോടതി. ഭാര്യമാര്‍ക്ക് തുല്യ പരിഗണനയാണ് ഖുറാന്‍ പറയുന്നതെന്നും കോടതി വിശദമാക്കി. ഇതില്‍ ലംഘനമുണ്ടാകുന്ന സാഹചര്യം വിവാഹമോചനം നല്‍കേണ്ടതാണെന്നും വിശദമാക്കി. ശനിയാഴ്ചയാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്.

മറ്റൊരാളെ വിവാഹം ചെയ്ത് പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവില് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട തലശ്ശേരിക്കാരിയുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. തലശ്ശേരി കുടുംബ കോടതി യുവതിയുടെ ആവശ്യം നിരാകരിച്ചതിന് പിന്നാലെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിഗണിച്ചത്.

മുസ്ലിം വിവാഹമോചന നിയമം അനുസരിച്ച് പുനര്‍ വിവാഹത്തിന് ശേഷം അവഗണിക്കപ്പെടുന്ന ആദ്യ ഭാര്യയ്ക്ക് വിവാഹമോചനത്തിനുള്ള അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് വര്‍ഷമായി പരാതിക്കാരിയ്ക്ക് ജീവനാംശം പോലും നല്‍കാത്തത് വിവാഹമോചനം നല്‍കാന്‍ തക്ക കാരണമാണെന്നും കോടതി നിരീക്ഷിച്ചു. 2019ലാണ് വിവാചമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. 2014 മുതല്‍ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് യുവതി. ഈ കാലത്ത് യുവതിക്ക് ചെലവിന് നല്‍കിയെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്.

എന്നാല് വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുന്നു എന്നത് തന്നെ ആദ്യ ഭാര്യയ്ക്ക് തുല്യ പരിഗണന ലഭിച്ചിരുന്നില്ലെന്നതിന്റെ തെളവായി കാണാമെന്ന് കോടതി പറഞ്ഞു. പരാതിക്കാരിക്കൊപ്പമല്ല താമസിച്ചിരുന്നുവെന്നത് ഭര്‍ത്താവും കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതോടെയാണ് ആദ്യഭാര്യയുടെ വിവാഹ മോചന പരാതി കോടതി അംഗീകരിച്ചത്.