രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുപിടിക്കാനും തയാറാണെന്ന് രാജ്യസഭ എം പി സുരേഷ് ഗോപി

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുപിടിക്കാനും തയാറാണെന്ന് രാജ്യസഭ എം പി സുരേഷ് ഗോപി. പറയാനുള്ള കാര്യങ്ങൾ പല സ്ഥലങ്ങളിലായി നിരവധി തവണ പറഞ്ഞിട്ടുള്ളത്. ഇനി ആരോടാണ് പറയേണ്ടതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കൊലപാതകവും എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ ആകെ സമാധാനം കെടുത്തുന്നതാണ്. ഇത് രാജ്യത്തിന്‍റെ വളർച്ചയെയാണ് ബാധിക്കുന്നതാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

സമൂഹത്തെ ഒരു മോശപ്പെട്ട പ്രവണതയിലേക്ക് വലിയച്ചിഴയ്ക്കുന്ന തരത്തിലുള്ള ഈ സമ്പദ്രായം രാജ്യദ്രോഹകരമാണ്. ഈ സമ്പ്രദായത്തെ തന്നെ തള്ളിപ്പറയണം. ഒരു കലാകാരനെന്ന നിലയ്ക്ക് എന്നോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കില്‍ ഈ വാക്കുകള്‍ വകവെച്ചുതരണമെന്നും സുരേഷ് ഗോപി അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ ആലപ്പുഴയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കുളള അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റു രേഖപ്പെടുത്തി. മണ്ണഞ്ചേരി സ്വേദേശി അതുല്‍, അമ്പലപ്പുഴ സ്വദേശികളായ ജിഷ്ണു, വിഷ്ണു, അഭിമന്യു, സാനന്ത് എന്നിങ്ങനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അതുല്‍, ജിഷ്ണു എന്നിവരെ കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നും വിഷ്ണു, അഭിമന്യു, സാനന്ത് എന്നിവരെ അരൂരില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് പിടിയിലായിരുന്നു. സുധീഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വച്ചാണ് ആലപ്പുഴ സ്വദേശികളായ ഇരുവരെയും പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കസ്റ്റഡിയിലായ രണ്ട് പേരും പ്രതികളെ സഹായിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരെയും ആലപ്പുഴയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയാകും കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്കും തുടര്‍ നടപടികളിലേക്കും കടക്കുക.