രാജ്യത്ത് ഒമിക്രോണ്‍ വൈറസ് ബാധിതരടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികളും ശക്തമാക്കുന്നു. രാജ്യത്ത് നിലവില്‍ 17 സംസ്ഥാനങ്ങളിലായി 415 ഒമിക്രോണ്‍ വൈറസ് ബാധിതര്‍ ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. പിന്നാലെയാണ് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രം ഇടപെടല്‍ കര്‍ശനമാത്തുന്നത്. ഇതിന്റെ ഭാഗമായി കൊവിഡ് രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരിക്കും കേന്ദ്രസംഘം എത്തുക. അടുത്ത മാസങ്ങളില്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. അഞ്ച് സംഘങ്ങളെയാണ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം നിയോഗിക്കുന്നത്. കൊവിഡ് പരിശോധനയും നിരീക്ഷണവും മെച്ചപ്പെടുത്തുന്നതിനായി നടപടികള്‍ ശക്തമാക്കുകയാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഓരോ സംസ്ഥാനത്തെയും കൊവിഡ് വാക്സിനേഷന്റെ പുരോഗതി, ആശുപത്രികളിലെ കിടക്കകളുടെയും മെഡിക്കല്‍ ഓക്സിജനിന്റെയും ലഭ്യത, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും കേന്ദ്ര സംഘം അവലോകനം ചെയ്യും.കൊവിഡ് രോഗികളുടെ എണ്ണത്തിലും ഈ സംസ്ഥാനങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളും കടുപ്പിച്ചു തുടങ്ങി. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വ്യാപന തോത് കൂടുതലാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുത് എന്നാണ് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ചെയ്ത ഒമിക്രോണ്‍ കേസുകളെല്ലാം ലക്ഷണമില്ലാത്തവയോ നേരിയ ലക്ഷണങ്ങളുള്ളവയോ ആണ്. എന്നാല്‍, ഒമിക്രോണ്‍ ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കുന്നു.
 
            


























 
				
















