കിഴക്കമ്പലത്ത് നടന്ന സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന :ദേശാഭിമാനി എഡിറ്റോറിയല്‍

ഏതാനും പഞ്ചായത്തിന്റെ ഭരണം കൈയിലുണ്ടെന്നു കരുതി, നാടിന്റെ നിയമവാഴ്ചയെ വെല്ലുവിളിക്കാമെന്ന് കിറ്റെക്‌സ് ഉടമ സാബു ജേക്കബ് കരുതുന്നത് മൗഢ്യമാണെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. ക്രിസ്മസ് രാത്രി കിഴക്കമ്പലത്ത് നടന്ന സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. ആസൂത്രകര്‍ ആഗ്രഹിച്ച വഴിയില്‍ മുന്നോട്ടുപോയില്ലെങ്കിലും നിയമവാഴ്ചയില്‍ വിശ്വാസമര്‍പ്പിക്കുന്നവരില്‍ അതുണ്ടാക്കിയ ആഘാതം ചെറുതല്ലെന്നും ദേശാഭിമാനി പറയുന്നു.

ദേശാഭിമാനി എഡിറ്റോറിയല്‍:

കിഴക്കമ്പലം കിറ്റെക്‌സ് ലേബര്‍ ക്യാമ്പിലെ വലിയവിഭാഗം ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ കടന്നാക്രമിച്ചതില്‍, ക്രമസമാധാന പ്രശ്‌നത്തിനപ്പുറമുള്ള മാനങ്ങളുണ്ട്. അഞ്ഞൂറോളംപേര്‍ ആയുധങ്ങളുമായി അക്രമത്തില്‍ പങ്കാളികളായെന്നാണ് റിപ്പോര്‍ട്ട്. ലഹരിക്ക് അടിപ്പെട്ട വലിയൊരു കൂട്ടം സൃഷ്ടിച്ച അരാജകാവസ്ഥ വലിയ ദുരന്തമായി പരിണമിക്കുമായിരുന്നു. എന്നാല്‍, പൊലീസ് പക്വതയോടെ ഇടപെട്ടതിനാലാണ് അത് ഒഴിവായത്. സിഐ ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥര്‍ക്ക് സാരമായി പരിക്കേറ്റതും പൊലീസ് വാഹനങ്ങള്‍ കത്തിച്ചതും നിസ്സാരമല്ല. അര്‍ധരാത്രിമുതല്‍ പുലരുംവരെ തുടര്‍ന്നു അതിക്രമങ്ങള്‍. വെടിവയ്പ് അനിവാര്യമാക്കുംവിധം പ്രകോപനപരമായിരുന്നു അഴിഞ്ഞാട്ടം. അറ്റകൈയ്ക്ക് മുതിരാതെ കൂടുതല്‍ സേനയെ എത്തിച്ച് അനുനയവും മിതമായ ബലപ്രയോഗവുംവഴി രംഗം ശാന്തമാക്കി. അക്രമികളോട് അതേ നാണയത്തില്‍ പൊലീസ് പ്രതികരിച്ചിരുന്നെങ്കില്‍ നിരവധി ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ചെയ്തികളുടെ ഗൗരവം ചിന്തിക്കാനാകാത്തവിധം തൊഴിലാളികള്‍ ലഹരിയിലായത് യാദൃച്ഛികമല്ല. ക്രിസ്മസ് രാത്രി കിഴക്കമ്പലത്ത് നടന്ന അസാധാരണ സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. ആസൂത്രകര്‍ ആഗ്രഹിച്ച വഴിയില്‍ മുന്നോട്ടുപോയില്ലെങ്കിലും നിയമവാഴ്ചയില്‍ വിശ്വാസമര്‍പ്പിക്കുന്നവരില്‍ അതുണ്ടാക്കിയ ആഘാതം ചെറുതല്ല. കേരളത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം 35 ലക്ഷത്തിലധികമാണ്. ഇവരെ അന്യരായല്ല, അതിഥികളായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചത്. രജിസ്‌ട്രേഷനും താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കും വ്യവസ്ഥയുണ്ടാക്കി. കോവിഡ് കാലത്ത് ഭക്ഷണം നല്‍കി. നാട്ടില്‍ പോകാനും സൗകര്യങ്ങളേര്‍പ്പെടുത്തി. അവര്‍ക്ക് അന്യതാബോധം ഉണ്ടാകാതിരിക്കാന്‍ എല്ലാ കരുതലുമെടുത്തു. കിഴക്കമ്പലം അക്രമം അതിഥിത്തൊഴിലാളികളുടെ പൊതുവായ എന്തെങ്കിലും പ്രശ്‌നങ്ങളുടെ പ്രതിഫലനമല്ല. ലഹരിയില്‍ സംഭവിച്ചതുമല്ല. മറിച്ച് കിറ്റെക്‌സ് ഉടമയുടെ കീഴില്‍ അനുഭവിക്കുന്ന പീഡനങ്ങളാണ് പലരെയും ക്രിമിനലുകളാക്കിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലേബര്‍ ക്യാമ്പുകളില്‍ കുത്തിനിറച്ചാണ് പാര്‍പ്പിക്കുന്നത്. തൊഴില്‍ വകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ വ്യവസ്ഥകള്‍ പാലിക്കാതെയാണ് കിറ്റെക്‌സ് തൊഴിലാളികളെ കൈകാര്യം ചെയ്യുന്നത്. പരിശോധനയ്ക്ക് വരുമ്പോള്‍ സര്‍ക്കാര്‍ വ്യവസായം പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഉടമയുടെ പരിദേവനം. വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാര്‍ വിമാനം അയച്ചുവിളിപ്പിച്ച നാടകവും അരങ്ങേറി. കഴിഞ്ഞ ജൂണില്‍ നടന്ന പരിശോധനാ വിവാദവും ഇപ്പോഴത്തെ കലാപശ്രമവും കൂട്ടിവായിക്കേണ്ടതുണ്ട്. അന്ന് കരാര്‍ തൊഴിലാളി നിയമം, അന്തര്‍ സംസ്ഥാന പ്രവാസി തൊഴിലാളി നിയമം എന്നിവയുള്‍പ്പെടെ 11 നിയമത്തില്‍ ലംഘനം കണ്ടത്തി. 74 കുറ്റത്തിന് നോട്ടീസും നല്‍കി. നിശ്ചിത കാലാവധി പിന്നിട്ടിട്ടും ഒരു നടപടിയും ഉടമ സ്വീകരിച്ചില്ല. തൊഴിലാളികളുടെ അസംതൃപ്തി വളര്‍ന്നപ്പോള്‍ ഉടമയുടെ സ്വകാര്യ സേനയെ ഉപയോഗിച്ച് അടിച്ചൊതുക്കി. തൊഴിലാളികളില്‍ വിഭാഗീയത വളര്‍ത്തുന്നതും പരസ്പരം ഏറ്റുമുട്ടാന്‍ വഴിവയ്ക്കുന്നതും ഈ ഗുണ്ടാ സേനയാണ്. ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിനും ഇവര്‍ക്ക് പ്രത്യേക ശൃംഖലയുണ്ട്. മലിനീകരണത്തിനെതിരെ പ്രക്ഷോഭം നടന്നപ്പോഴെല്ലാം ഗുണ്ടാസേന അതിഥിത്തൊഴിലാളികളെ നാട്ടുകാര്‍ക്കെതിരെ ഇളക്കിവിട്ടു. ക്രിസ്മസ് ദിനത്തില്‍ സെക്യൂരിറ്റിക്കാര്‍ തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചതാണ് തുടക്കം. സ്ഥലത്തെത്തിയ പൊലീസിനുനേരെ ഇരുമ്പുവടികളുമായി പാഞ്ഞടുത്തതും മണിക്കൂറുകളോളം അക്രമം അരങ്ങേറിയതും ദുരൂഹമാണ്. ലഹരിയില്‍ ചെയ്തതെന്ന് അക്രമത്തെ ലഘൂകരിക്കുന്ന കിറ്റെക്‌സ് ഉടമ, പൊലീസിനെ കുറ്റപ്പെടുത്താനും തയ്യാറായി. സിസിടിവി നോക്കി കുറ്റവാളികളെ പിടിച്ചുതരാമെന്ന വാഗ്ദാനവുമുണ്ട്. ട്വന്റി ട്വന്റി എന്ന കോര്‍പറേറ്റ് അരാഷ്ട്രീയ പരീക്ഷണത്തിലൂടെ നേടിയ ഏതാനും പഞ്ചായത്തിന്റെ ഭരണം കൈയിലുണ്ടെന്നു കരുതി, നാടിന്റെ നിയമവാഴ്ചയെ വെല്ലുവിളിക്കാമെന്ന് കിറ്റെക്‌സ് ഉടമ കരുതുന്നത് മൗഢ്യമാണ്. ജനങ്ങളെ എക്കാലവും സാമ്പത്തിക വ്യാമോഹങ്ങളില്‍ കുടുക്കിയിടാനാകില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് ലഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ അജന്‍ഡ കിഴക്കമ്പലം അക്രമത്തിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ അക്രമികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം.