ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷം

റിയാദ്: ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രവാസികള്‍ കടുത്ത ആശങ്കയില്‍ രാജ്യത്തെ പ്രതിദിന രോഗബാധ 500 കടന്നിരിക്കുകയാണ്. ഈ വര്‍ഷം ആദ്യമായാണ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. രാജ്യത്ത് ഇന്നുമാത്രം രോഗം സ്ഥിരീകരിച്ചത് 542 പേര്‍ക്കാണ്. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ 380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

കൊവിഡ് രൂക്ഷമായതോടെ രാജ്യത്ത് നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. മാസ്‌ക് എല്ലായിടത്തും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ നടത്തുന്ന പരിപാടികളില്‍ 50 ശതമാനം പേര്‍ക്കും ഔട്ട്‌ഡോര്‍ പരിപാടികളില്‍ ശേഷിയുടെ 75 ശതമാനം പേര്‍ക്കുമാണ് പ്രവേശനം. ഇത് കര്‍ശനമായി നടപ്പാക്കും. പരിപാടികള്‍ നടത്തണമെങ്കില്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയും വേണം.

രോഗവ്യാപനം രൂക്ഷമായതോടെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള നടപടികളും അധികൃതര്‍ വേഗത്തിലാക്കിയിട്ടുണ്ട്. രോഗം പടര്‍ന്നുപിടിക്കുന്നത് തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നുണ്ട്.