കോവിഡ് :അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് ലോകം

കോവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷമുള്ള അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് ലോകം നീങ്ങുന്നു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗവര്‍ധനയാണ് കഴിഞ്ഞ ഒരാഴ്ച ലോകത്തുണ്ടായത്. അമേരിക്കയിലും യൂറോപ്പിലും റെക്കോഡ് രോഗികള്‍ ഉണ്ടായതോടെയാണ് കൊവിഡ് സൂനാമി വരുന്നുവെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയത്.

കൊവിഡിന്റെ ഏറ്റവും ഭീകരമായ ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു എന്ന് പറയുന്നു ലോകമെങ്ങുമുള്ള ആരോഗ്യ വിദഗ്ധര്‍. ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ടുലക്ഷത്തി എട്ടായിരം പുതിയ രോഗികളാണുണ്ടായത്. ഒരാഴ്ചത്തെ ആഗോള കണക്കുകള്‍ എടുത്താല്‍ ഓരോ ദിവസവും ശരാശരി ഒന്‍പതര ലക്ഷം രോഗികള്‍. ഏഴു ദിവസത്തിനിടെ 65 ലക്ഷം പുതിയ രോഗികള്‍. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗവര്‍ധനയാണിത്.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഓസ്‌ട്രേലിയയും രോഗാവര്‍ധനയുടെ കൊടുമുടിയിലാണ്. ഈ ഗുരുതര സാഹചര്യം തിരിച്ചറിഞ്ഞാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി മുന്നറിയിപ്പ് നല്‍കിയത്.