കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ രോഗികളായി പരിഗണിക്കണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ രോഗികളായി പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പനി, തൊണ്ട വേദന, വയറിളക്കം, മണമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉള്ളവരെ കൊവിഡ് രോഗികളായി പരിഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയുന്നത് വരെ കൊവിഡ് രോഗിയായി പരിഗണിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ, പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ റാപ്പിഡ് പരിശോധന ബൂത്തുകള്‍ സ്ഥാപിക്കുക, മെഡിക്കല്‍പാരാമെഡിക്കല്‍ ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ഫലത്തിന് കാത്ത് നില്‍ക്കുന്നത് ചികില്‍സ വൈകിക്കുമെന്നതിനാല്‍ ഹോം ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ എണ്ണായിരത്തിലധികം രോഗികളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ അമ്പത് ശതമാനമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.