യോഗി സര്‍ക്കാരില്‍ നിന്നും മന്ത്രി രാജിവെച്ചു; സമാജ്‌വാദി പാര്‍ട്ടിയില്‍

യോഗി സര്‍ക്കാരില്‍ നിന്നും മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്നും രാജി. രാജിവെച്ച മൗര്യ, അഖിലേഷ് യാദവ് അധ്യക്ഷനായ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച മൗര്യ 2016 ലാണ് ബിജെപിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉത്തര്‍പ്രദേശില്‍ ഇതിനകം വലിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തുടക്കമിട്ടത്. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് യോഗി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീടുകയറിയുള്ള പ്രചാരണത്തിനാണ് ഇതിനകം തുടക്കമിട്ടിട്ടുള്ളത്. അതിനിടെ മന്ത്രി രാജിവെച്ച് അഖിലേഷിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തിരിച്ചടിയാണ്. അതേസമയം മുന്‍ എംഎല്‍എ ഉള്‍പ്പെടെ പഞ്ചാബില്‍ നിന്നും നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ എംഎല്‍എ അരവിന്ദ് ഖന്ന, ശിരോമണി അകാലിദള്‍ നേതാവ് ഗുര്‍ദീപ് സിംഗ് ഗോഷ, അമിത്സര്‍ മുന്‍ കൗണ്‍സിലര്‍ ദരംവീര്‍ സരിന്‍ എന്നിലവരാണ് ബിജെപിയില്‍ ചേര്‍ന്നത്.