കമ്പളക്കാട് മുഹ്‌സിന്റെ പാര്‍ട്ടിയില്‍ എത്തിയത് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണ്ടകള്‍

വയനാട്ടിലെ പടിഞ്ഞാറത്തറ റിസോര്‍ട്ടില്‍ നടന്ന ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികത്തിനെത്തിയത് വിവിധ ജില്ലകളില്‍ നിന്നുളള ഗുണ്ടകള്‍. സംഭവത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജുള്‍പ്പെടെ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് എംഡിഎംഎ, കഞ്ചാവുമുള്‍പ്പെടെയുള്ള മയക്കു മരുന്നുകളും, വിദേശ മദ്യവും പിടികൂടി. സംഭവത്തില്‍ കിര്‍മാണി മനോജിനെ കൂടാതെ കമ്പളക്കാട് മുഹ്‌സിന്‍(27), മീനങ്ങാടി സ്വദേശി പിആര്‍ അഷ്‌കര്‍ അലി, പെരിന്തല്‍മണ്ണ സ്വദേശി ഒപി അജ്മല്‍(28), പാനൂര്‍ സ്വദേശി എഎം സുധേഷ്(43), കമ്പളക്കാട് സ്വദേശി കെഎം ഫഹദ്(26), എന്നിവരടക്കം 16 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും ഒരാള്‍ക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.ഇന്ന് പുലര്‍ച്ചെ പടിഞ്ഞാറത്തറ സില്‍വര്‍ഹുഡ്‌സ് എന്ന സ്വകാര്യ റിസോര്‍ട്ടില്‍വെച്ചാണ് വിവാഹ വാര്‍ഷികാഘോഷത്തിന്റെ മറവില്‍ ലഹരിപാര്‍ട്ടി നടന്നത്. രണ്ട് വര്‍ഷം മുന്‍പ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം റാഞ്ചിയ കേസിലെ പ്രതിയാണ് ഇയാള്‍. വയനാട്ടില്‍ 3 കേസുകള്‍ ഇയാളുടെ പേരിലുണ്ട്. അതേസമയം, റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടക്കുന്ന വിവരം അറിയില്ലായിരുന്നുവെന്ന് റിസോര്‍ട്ട് ഉടമ പറഞ്ഞു. ആഘോഷത്തിനായി മുഹ്‌സിന്‍ 16 മുറികള്‍ ബുക്ക് ചെയ്‌തെന്ന റിസോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. റെയ്ഡിനിടെ ചിലര്‍ ഓടിപോയതായ് സൂചനയുണ്ട്.