കെ റെയില്‍; അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധം ആണെന്ന് കോടതി അഭിപ്രായപ്പെട്ടത്.

ആ കല്ലുകള്‍ എടുത്തു മാറ്റാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നും കേരള റെയില്‍ ഡെവലപ്പ്‌മെന്റ കോര്‍പ്പറഷേന്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്രേം വലിയ തൂണുകള്‍ സ്ഥാപിച്ചു ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനത്തോടെയാണ് കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് താല്‍ക്കാലിക വിലക്ക് കോടതി ഏര്‍പ്പെടുത്തിയത്.

കൂടാതെ, ഇത്രയും വലിയൊരു പദ്ധതി പോര്‍വിളിച്ചു നടത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് ഇനി ജനുവരി 21 ന് വീണ്ടും പരിഗണിക്കും.

കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതയില്ല. പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റെയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിനും വ്യക്തതയില്ല.

കേന്ദ്ര സര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാവുന്നത് ശരിയല്ല. കേന്ദ്ര നിലപാട് ആര്‍ക്കും അറിയില്ല. കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുത്തെന്നും കോടതി പറഞ്ഞു. വേഗത്തില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ നിയമലംഘനം ഉണ്ടാവാന്‍ പാടില്ല. നിയമപ്രകാരം മാത്രമ പദ്ധതിക്കുള്ള അനുമതി നല്‍കുകയുള്ളൂയെന്നും ഹൈക്കോടതി പറഞ്ഞു.