കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്‌സിനേഷന്‍ തന്നെയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്‌സിനേഷന്‍ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പ് ഉണ്ടായ സ്ഥിതി ഇനിയുണ്ടാവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നല്‍കി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നാണ് പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നത്. എറ്റവും വല്ല ആയുധം വാക്‌സീന്‍ തന്നെയാണ്. വാക്‌സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തടയണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

വീട്ടില്‍ നിരീക്ഷണത്തില്‍ കൃത്യമായി ചികില്‍സ ലഭിക്കുന്നുവെന്ന ഉറപ്പാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിശോധനയും ചികിത്സയും കൃത്യമായി നടക്കണമെന്ന് ആവശ്യപ്പെട്ടു. ടെലി മെഡിസിന്‍ സൗകര്യങ്ങള്‍ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി അടിയന്തര സാഹചര്യത്തില്‍ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും പറഞ്ഞു.

ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ ഓക്‌സിജന്‍ കിടക്കകളും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രാദേശിക കണ്ടെയിന്മെന്റ് സോണുകള്‍ ശക്തമാക്കണമെന്നും മോദി നിര്‍ദ്ദേശം നല്‍കി. രോഗികള്‍ അധികമുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം.