‘സംശയം തോന്നി, ടിക്കറ്റെടുത്ത് നോക്കി’; 12 കോടി നേടിയതിനെക്കുറിച്ച് സദാനന്ദന്‍

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയതില്‍ പ്രതികരണവുമായി കോട്ടയം കുടയംപടി സ്വദേശി ഓലിപ്പറമ്പില്‍ സദാനന്ദന്‍. കടങ്ങള്‍ വീട്ടണം, നല്ലൊരു വീട് നിര്‍മ്മിക്കണം, മക്കളുടെ ഭാവി സുരക്ഷിതമാക്കണം എന്നീ ആഗ്രഹങ്ങളാണ് തനിക്കുള്ളതെന്ന് സദന്‍ എന്ന സദാനന്ദന്‍ പറഞ്ഞു.”ലോട്ടറി ഫലങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നപ്പോള്‍ ചെറിയൊരു സംശയം തോന്നി. അങ്ങനെ ടിക്കറ്റ് എടുത്ത് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം നേടിയ വിവരം അറിഞ്ഞത്. ദൈവത്തിന് നന്ദി.”-സദാനന്ദന്‍ പറഞ്ഞു. പെയ്ന്റിംഗ് തൊഴിലാളിയാണ് സദന്‍ എന്ന സദാനന്ദന്‍. ഇന്ന് രാവിലെയാണ് എക്‌സ്ജി 218582 എന്ന നമ്പര്‍ ടിക്കറ്റ് എടുത്തത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് സദാനന്ദന്‍ ടിക്കറ്റ് വാങ്ങിയത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്.