26-മത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചതായി മന്ത്രി സജി ചെറിയാന്‍

ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26-മത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചതായി മന്ത്രി സജി ചെറിയാന്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള നിശ്ചയിച്ചിരുന്നത്. എട്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെ 12 തിയേറ്ററുകളില്‍ ഐഎഫ്എഫ്‌കെ നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍ തുടരുന്നതിനാല്‍ ജില്ലയില്‍ പൊതുപരിപാടികള്‍ നിരോധിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ ആയിരക്കണക്കിന് സിനിമാ പ്രേമികള്‍ ഒത്തു ചേരുന്ന മേളയുടെ നടത്തിപ്പ് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെയും ജില്ലയിലെയും രൂക്ഷമായ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മേള മാറ്റി വയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഡിസംബര്‍ പത്ത് മുതല്‍ ചലച്ചിത്ര മേള നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അന്നത്തെ മഴക്കെടുതിയും തിയേറ്ററുകളുടെ ലഭ്യതക്കുറവും കണക്കിലെടുത്ത് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായാണ് മേള നടന്നത്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളിലായിരുന്നു ഇരുപത്തിയഞ്ചാം ഐഎഫ്എഫ്‌കെ അരങ്ങേറിയത്. പ്രേക്ഷകപങ്കാളിത്തം കുറയ്ക്കാന്‍ ഡെലിഗേറ്റുകളുടെ എണ്ണം എണ്ണായിരമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു