ബ്രഹ്മോസിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീസയിലെ ബാലസോറിലാണ് പരീക്ഷണം നടത്തിയത് എന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. മിസൈലില്‍ നടത്തിയ ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങള്‍ വിജയകരമായി പുതിയ പരീക്ഷണത്തിലൂടെ പൂര്‍ത്തിയാക്കിയതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ ജനുവരി 11ന് കടലില്‍ നിന്നും വിക്ഷേപണ യോഗ്യമായ ബ്രഹ്മോസ് പരീക്ഷിച്ചിരുന്നു. അന്ന് നാവികസേനയുടെ ഐഎന്‍എസ് വിശാഖപട്ടണം യുദ്ധകപ്പലില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

കര, വായു, കപ്പല്‍, മുങ്ങിക്കപ്പല്‍ എന്നിവിടങ്ങളില്‍ നിന്നു വിക്ഷേപിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ബ്രഹ്മോസിന്റെ ഫ്‌ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 200 മുതല്‍ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാന്‍ ബ്രഹ്മോസിനു കഴിയും.

ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ല്‍ ഐഎന്‍എസ് രജപുതില്‍ നിന്ന്. 2007ല്‍ കരയില്‍ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ല്‍ കടലില്‍ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.