രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 160 കോടി ഡോസ് കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 160 കോടി ഡോസ് കടന്നു. 1,60,03,33,779 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്നാണ് കൊവിന്‍ പോര്‍ട്ടലിലെ കണക്ക്. രാജ്യത്ത് 70 ശതമാനം പേര് രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു. 90 ശതമാനത്തില്‍ അധികം പേര്‍ ഒരു ഡോസ് വാക്‌സീനും എടുത്ത് കഴിഞ്ഞു.

ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം അറുപത് ലക്ഷത്തി നാല്പത്തിയേഴായിരം കടന്നു. കോവാക്‌സിനും കോവിഷീല്‍ഡിനും ഡിസിജിഐയുടെ പൂര്‍ണ്ണ വാണിജ്യ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വാക്‌സീനുകള്‍ക്ക് വാണിജ്യ അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അനുമതി ലഭിച്ച ശേഷവും കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ മാത്രമേ വാക്‌സീന്‍ നല്‍കാന്‍ അനുവദിക്കുകയുള്ളു എന്നാണ് വിവരം.

ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. പ്രതിദിന കേസുകളില്‍ ഇപ്പോള്‍ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണ്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് മരണ നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.