കേരളം നല്‍കിയ ഫ്‌ലോട്ടിന്റെ മാതൃക തള്ളിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2022ലെ റിപ്പബ്ലിക് ദിനത്തില്‍ പ്രദര്‍ശിപ്പിക്കാനായി കേരളം നല്‍കിയ ഫ്‌ലോട്ടിന്റെ മാതൃക തള്ളിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ ഫ്‌ലോട്ട് തള്ളിയത് ഡിസൈനിന്റെ അപാകത മൂലമാണ്.

ടൂറിസം@75 എന്ന വിഷയത്തില്‍ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം ഫ്‌ലോട്ടിന്റെ മാതൃക സമര്‍പ്പിച്ചത്. ഇതില്‍ പിന്നീട് മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു.

ആദ്യം കേരളം നല്‍കിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമ ഉള്‍പ്പെടുത്താന്‍ പിന്നീട് കേരളം ശ്രമിച്ചു.

എന്നാല്‍ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു. കേരളം സമര്‍പ്പിച്ച വിവിധ മാതൃകകളുടെ ചിത്രങ്ങളും കേരളം പുറത്തുവിടുന്നു.