മുന്നറിയിപ്പിന്റെ അവസാനഘട്ടം, തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കി

തിരുവനന്തപുരം: മുന്നറിയിപ്പിന്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം.

തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

അതേസമയം മാളും ബാറും അടക്കാതെ തിയേറ്റര്‍ അടക്കുന്നതില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ജില്ലയിലെ തിയേറ്ററില്‍ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂര്‍ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു.

ജില്ലയില്‍ വെള്ളിയാഴ്ച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരടക്കം യോഗത്തില്‍ പങ്കെടുക്കും. ശേഷമാകും കൂടുതഷ തീരുമാനങ്ങള്‍ ഉണ്ടാകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിച്ച് നിയന്ത്രണം ശക്തമാക്കാനാണ് നിലവിലെ നിര്‍ദേശം.

അതേസമയം 8 ജില്ലകളെക്കൂടി ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകനയോഗം ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ഇന്നുമുതല്‍ ബി കാറ്റഗറിയിലുള്ളത്. സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഹാജര്‍ 40 ശതമാനത്തില്‍ കുറവാണെങ്കില്‍ അടച്ചിടാനും അവലോകനയോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതു നിയന്ത്രണങ്ങളിലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ സ്‌കൂളടച്ചിടാമെന്ന നിര്‍ദേശം വന്നത്. പ്രധാനാാധ്യാപകന് ഇക്കാര്യത്തില്‍ തീരുമാനമെടു്കാം. സെക്രട്ടറിയറ്റില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കുന്നുണ്ട്.