പാതിരാ കുര്‍ബാനക്കെത്തിയ യുവനടന് നടിവക പൂരപ്പാട്ട്‌

കൊച്ചി: രാത്രി ഹോട്ടലിലെ മുറിയില്‍ വന്ന് വിളിച്ച് സ്ഥിരമായി ശല്യപ്പെടുത്തിയ യുവനടനൊപ്പം ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയിക്കാന്‍ യുവനടി കരാറൊപ്പിട്ടു. തനിക്ക് നടനോട് യാതോരു വിരോധവും ഇല്ലെന്നും അയാള്‍ടെ കളിയൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് അന്നേ വ്യക്തമാക്കിയതാണെന്നും നടി നീതു (യഥാര്‍ത്ഥ പേരല്ല) പുതിയ സിനിമയുടെ സംവിധായകനോട് പറഞ്ഞു. അന്നത്തെ സംഭവത്തിന് ശേഷം യുവനടന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആരും വിളിക്കാത്തത് കൊണ്ടാണ് പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്യാത്തതെന്നും നീതു വ്യക്തമാക്കി. എന്തായാലും ഇപ്പോള്‍ വിവാഹിതനായ യുവനടന്‍ പുതിയ കരുക്കളുമായി എത്തില്ലെന്ന് നായിക വിശ്വസിക്കുന്നുണ്ടാവുമെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.

മൂന്ന് കൊല്ലം മുമ്പാണ് സംഭവം നടന്നത്. സൂപ്പര്‍ഹിറ്റായ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. മൂന്ന് നായികമാരാണ് സിനിമയില്‍ ഉണ്ടായിരുന്നത്. അതിലൊന്ന് യുവനടന്റെ കാമുകി ദിവ്യയായിരുന്നു( യഥാര്‍ത്ഥ പേരല്ല). നീതുവും ദിവ്യയും തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളാണ്. നടനും മോശമല്ല. സിനിമയില്‍ കാമുകിയായി അഭിനയിച്ചത് നീതുവാണ്. പൊതുവെ അഹങ്കാരിയാണെന്നാണ് ഈ യുവനടിയെക്കുറിച്ച് അസൂയക്കാര്‍ പറയുന്നത്. ലൗ സീനൊക്കെ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കും. അതില്‍ മതിമറന്നാണ് യുവകോമളന്‍ രാത്രി നീതുവിന്റെ മുറിയില്‍ മുട്ടിവിളിച്ചത്. ഡോര്‍ തുറന്നതും താരം പല്ലിളിച്ച് നിന്നു. എന്നാല്‍ നീതു ഡോര്‍ വലിച്ചടച്ചിട്ട് അകത്തേക്ക് പോയി. ആരും കണ്ടില്ലെന്ന് ആശ്വസിച്ച് യുവതാരം മുറിയിലേക്ക് പോയി. കാമുകിയായ ദിവ്യയുടെ കൂടെ അമ്മയുള്ളതിനാല്‍ ആ ഭാഗത്തേക്ക് എത്തിനോക്കാന്‍ പോലും പറ്റില്ല.

അടുത്ത ദിവസം രാവിലെ നായകനും നീതുവും തമ്മിലുള്ള ലൗ സീനുകളാണ് എടുത്തത്. രാവിലെ സെറ്റിലെത്തിയ നായകനെ നീതു ചീത്തവിളിച്ചു. ഡയറക്ടറും ക്രൂവും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ട് നിന്നു. കാമുകി സെറ്റിലില്ലാത്തത് കൊണ്ട് നായകന്‍ എല്ലാം ചിരിച്ചുകൊണ്ട് കേട്ടു. ഇന്നലെ ഒരു മിസ്അണ്ടര്‍സ്റ്റാന്റിംഗ് പറ്റിയതാണെന്നും പറഞ്ഞ് തടിയൂരി. അത് കേട്ട് ഡയറക്ടറുടെ ചങ്കിടിച്ചു. കാരണം ഇരുവരും തമ്മിലുള്ള ലൗ സീനാണ് എടുക്കാന്‍ പോകുന്നത്. എന്നാല്‍ ഷോട്ട് തുടങ്ങിയതും നായിക ഗംഭീരമായി അഭിനയിച്ചു. നടനോടുള്ള വിരോധമൊന്നും കാണാനായില്ല. ഇക്കാര്യം ഡയറക്ടര്‍  തിരക്കിയപ്പോള്‍ ്‌ജോലി വേറ, വഴക്ക് വേറ എന്നാണ് നീതു പറഞ്ഞത്.