അട്ടപ്പാടി മധു കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം. മധു കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷമായിട്ടും കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. വിചാരണ വൈകുന്നതില്‍ നിരാശയുണ്ടെന്ന് സഹോദരി സരസു പറഞ്ഞു.

പ്രോസിക്യൂട്ടര്‍ എന്തുകൊണ്ടാണ് ഹാജരാകാത്തതെന്ന് അറിയില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും, സര്‍ക്കാരും പ്രോസിക്യൂട്ടറും കുടുംബത്തെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും മധുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകന്‍ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.