കർണ്ണികാരം (കവിത-ബാലകൃഷ്ണൻകുറ്റിപ്പുറം)

തൊട്ടയൽവീട്ടിൽ കാണ്മൂ ഞാനെന്നു
മൊട്ടു കാലമായക്കർണ്ണികാരം

കാലവർഷത്തിന്നാഗമം കാൺകെ
കോലമൊക്കെയും മാറ്റുമാ വൃക്ഷം
.
നീലമേലാപ്പു കെട്ടിയ പന്തൽ
പോലെ പുത്തൻ കിസലയ ജാലം

ചേലിലങ്ങനെ നില്പതു കണ്ടാൽ
കോലും കൗതുകമത്തണൽ പൂകാൻ

മീനമാസത്തിൻ തുംഗമാം ചൂടിൽ
മേനി പൊള്ളാത്തണൽവിരിയ്ക്കു
മ്പോൾ

ഓർത്തിടുന്നുഞാനീ പ്രകൃത്യംബ
യാർത്തർക്കാലംബമേകുന്ന നന്മ !

മാത്രമല്ലിത്തരുവൊരു പാഠം
തീർത്തും നൽകുന്നു ചിന്തിപ്പവർക്കായ്

ഉച്ചസ്ഥായിയായ് നിൽക്കുന്ന ചൂടിൽ
മെച്ചമാർന്ന കനക സൂനത്താൽ

സ്വച്ഛസുന്ദര മഞ്ജരി തീർത്തു
നില്പ തൊക്കെയും ഭൂമിയെ വാഴ്ത്തി !

കാർഷിക വൃത്തിയ്ക്കാരംഭ മെന്ന
ശീർഷകത്തിൽ കവിത രചിയ്ക്കെ

തീർത്തു മുത്സാഹമാർന്ന കൃഷകർ
നീർത്തടങ്ങളിൽ വേർപ്പുതൂവുന്നു