ഒരു അധ:കൃതൻ്റെ മനോവിചാരങ്ങൾ (ഗദ്യകവിത-അശോക് കുമാർ പെരുവ)

രുപിടി ചോറുചോദിച്ചപ്പോ
കതകടച്ചോരെല്ലാം
എനിക്കുവേണ്ടിയിന്ന്
വാതിൽ തുറന്നല്ലോ!

തീണ്ടാണ്ട് മാറിനടന്നോരെല്ലാം
ഇന്നെന്നെ വേണ്ട്വോളം തൊട്ടല്ലോ!
വെല്ല്യേ പുരകളിലെ ചങ്ങായികളൊത്ത്
ഞാനിന്ന് സെൽഫിയെടുത്തല്ലോ!

ഒരേയൊരു തുണിയുള്ളത്
ഉരിഞ്ഞെടുത്തതിൽ
എനിക്കൊരു പരാതീമില്ല;
ഒളിപ്പിച്ചു വയ്ക്കാൻ
വെശന്നൊട്ടിയ വയറും
എല്ലുന്തിയ നെഞ്ചുമല്ലാതെ
എനിക്കൊന്നുമില്ലല്ലോ!..

തമ്പ്രാമ്മാരേ,
എല്ലാരും തല്ലിയ്ക്കോ,
എനിക്കെന്തേലും തിന്നാൻ തന്നാമതി;
ഉടുക്കാനൊരു
തുണിക്കീറുതന്നാമതി…

എല്ലാരും പറേണ്,
എനിക്കു പ്രാന്താന്ന്!
ആവോ! നിയ്ക്കറീല്ല….

മ്മളെങ്ങോട്ടാ പോണെ?
എത്രവേണേലും നടന്നോളാം,
വെശന്നിട്ടു വയ്യ ;
നല്ല കഞ്ഞ്യാരിക്കും!

നിങ്ങളെന്നെ
എവ് ടയ്ക്കാ കൊണ്ടോണെ?…