പ്രിയസഖി (കവിത -പാപ്പച്ചൻ കടമക്കുടി)

പ്രണവമന്ത്രവിശുദ്ധിയോടരികിലായ്
പ്രണയസാന്ദ്രം ചിറകടിച്ചെത്തി നീ
ഇരുളിനറകളിൽ, കഠിനമാം വഴികളിൽ
കരുതലിന്റെ കരുത്തു പകർന്നതും ,
പടുതിരിക്കെണ്ണ പാർന്നെന്റെ ചുറ്റിലും
ചടുലതാളമായ് കാത്തു കത്തുന്നതും ,
ചിതലരിച്ചൊരെൻ ജീവിതച്ചേലയെ
പ്രണയനൂലിനാൽ തുന്നി നീ ചേർത്തതും ,
കദനമോദങ്ങൾ പുള്ളികൾ കുത്തിയ
ചെറുവിരിപ്പിൽ നാം ക്ഷീണം പകുത്തതും ,
അകലെയെങ്ങോ തിളങ്ങിയ താരകൾ
അരികെ നമ്മുടെ മക്കളായ് വന്നതും.

പുതുദിനത്തിൻ തുറന്ന പടിക്കൽ നാം
പതിയെ വന്നെത്തിനോക്കി നിന്നീടവേ
വികൃതി പെരുകുന്ന പേരക്കിടാങ്ങൾതൻ
തകൃതമല്ലോ കിലുങ്ങുന്ന മംഗളം.
കവിതപെയ്തു നനച്ചിവർ നമ്മളെ
വിവിധഭാവങ്ങളാൽ , വീടിനുള്ളവും.

കരളുമീക്കരവുമൊത്തു കോർത്തിനിയുമീ
തിരയൊടുങ്ങാത്ത കടലും കടക്കണം.
പഴയൊരേടിന്റെ പഴമകൾക്കുള്ളിലെ
പുതുമചോരാത്ത നിൻമുഖകാന്തിയെൻ
ഇനിവുമൂർജ്ജവും പകരും വെളിച്ചമായ്
ഇനി നടക്കാം നമുക്കെടോ പ്രിയസഖീ.

പാപ്പച്ചൻ കടമക്കുടി