അടൂര്‍ കാര്‍ അപകടത്തിന് കാരണം അമിത വേഗവും അശ്രദ്ധയുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

അടൂര്‍: പത്തനംതിട്ട അടൂരില്‍ മൂന്ന് പേരുടെ മരണത്തിന് വഴിവെച്ച കാര്‍ അപകടത്തിന് കാരണം അമിത വേഗവും അശ്രദ്ധയുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ ബ്രേക്കിന് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും കാറിന് മറ്റ് അപാകതകള്‍ കണ്ടെത്താനായിട്ടില്ലെന്നും എംവിഡി വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ ഡ്രൈവര്‍ ആയൂര്‍ ഇളമാട് ഹാപ്പിവില്ലയില്‍ ശരത്തി(35)നെതിരേ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശരത്തില്‍നിന്നും മൊഴിയെടുത്ത ശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും.

കാറിന് ഒരു തകരാറുകളും ഇല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, വാഹനത്തിന് 27 മാസത്തെ പഴക്കമാണ് ഉള്ളതെന്നും എംവിഡി അറിയിച്ചു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സാണ് വാഹനത്തിനുണ്ടായിരുന്നത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.