അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനം

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികള്‍ നേരത്തേ പരിഗണിക്കാന്‍ തീരുമാനം. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. നേരത്തേ മാര്‍ച്ച് 26ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

അതിനിടെ, കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിന്റെ പകര്‍പ്പും കൈമാറി. കോടതിയില്‍ എത്തിയാണ് പ്രതികള്‍ തെളിവുകള്‍ ശേഖരിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് നല്‍കാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

2018 ഫെബുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മര്‍ദനത്തെയും തുടര്‍ന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും െ്രെഡവര്‍മാരുമായ മറ്റു പ്രതികളും ചേര്‍ന്ന് മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.