മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് ഹിജാബ് വിവാദമെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഹിജാബിന് വേണ്ടി വാദിക്കുന്നവര്‍ക്ക് പിന്നില്‍ മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നില്‍ പെണ്‍കുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിലപാട് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കല്‍ അല്ലെന്നാണ് കേരളത്തിന്റെ ഗവര്‍ണറുടെ നിലപാട്. സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങള്‍ ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. സിഖ് മതം പ്രകാരം തലയില്‍ തലപ്പാവ് നിര്‍ബന്ധമാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

ഹിജാബിനെ പ്രവാചകന്റെ കാലത്ത് തന്നെ സ്ത്രീകള്‍ എതിര്‍ത്തിരുന്നുവെന്ന് കഴി!ഞ്ഞ ദിവസവും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ ദില്ലിയില്‍ വച്ച് പറഞ്ഞിരുന്നു.