സംസ്ഥാനത്ത് ആദ്യദിനം സ്‌കൂളുകളില്‍ ഹാജരായവര്‍ 82% കുട്ടികള്‍

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ആവേശത്തോടെ കുട്ടികള്‍.

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളില്‍ അധ്യയനം പുനരാരംഭിച്ച ആദ്യദിനം ബാച്ച് അടിസ്ഥാനത്തില്‍ ഇന്ന് വരേണ്ടിയിരുന്നവരില്‍ 82% കുട്ടികള്‍ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രീപ്രൈമറി മുതല്‍ 9 വരെയുള്ള ക്ലാസുകളാണ് മുതല്‍ വീണ്ടും സജീവമായത്.

പ്രീപ്രൈമറി ക്ലാസ്സുകളില്‍ സംസ്ഥാനത്താകെ വരേണ്ടിയിരുന്നവരില്‍ 65% കുട്ടികള്‍ ക്ലാസ്സുകളില്‍ എത്തിച്ചേര്‍ന്നതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതിനുശേഷം ആദ്യമായാണ് പ്രീപ്രൈമറി ക്ലാസ്സുകള്‍ ഓഫ്‌ലൈനായി ആരംഭിക്കുന്നത്.

ഫെബ്രുവരി 21 മുതല്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം തൈക്കാട് ഗവര്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പിഎസിലെത്തി കുട്ടികളെ മന്ത്രി വി ശിവന്‍കുട്ടി നേരില്‍ കണ്ടു. കുട്ടികളുമായി മന്ത്രി ഏറെ നേരം ചിലവഴിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.