ചെന്നൈ: തമിഴ്‌നാട് നഗര-മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും വിജയ് ആരാധകര്‍ക്ക് മുന്നേറ്റം. കഴിഞ്ഞ വര്‍ഷം നടന്ന റൂറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടിയതിന്റെ തുടര്‍ച്ചയായാണ്, നഗരസഭ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലും ദളപതി വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ വെന്നിക്കൊടി പാറിച്ചു കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍, വിജയ് മക്കള്‍ ഇയക്കത്തിന് വേണ്ടി മത്സരിച്ച നിരവധി സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ വിജയിച്ചിരിക്കുന്നത്, ഇത് ആരാധകര്‍ക്കിടയില്‍ വന്‍ ആവേശത്തിനും കാരണമായിട്ടുണ്ട്.
പുതുക്കോട്ട നഗരസഭയിലെ നാലാം വാര്‍ഡില്‍ വിജയ് ആരാധക സംഘടനയിലെ പ്രധാനിയായ, പര്‍വേസ് മുഹമ്മദ് ആണ് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. പര്‍വേസിന്റെ വിജയം പ്രഖ്യാപിച്ചയുടന്‍, ദളപതിയടെ ആരാധകര്‍ ‘ഒരു പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് ” ട്വിറ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിജയ് ആരാധക സംഘടനയിലെ നിരവധി പ്രവര്‍ത്തകര്‍ വിജയിച്ച വാര്‍ത്തയാണ് ഇതിനു തൊട്ടു പിന്നാലെ വന്നു കൊണ്ടിരിക്കുന്നത്.തിരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കിലും, എല്ലാവരും ഉറ്റു നോക്കുന്നത് ദളപതിയുടെ അനുയായികളുടെ വിജയം എത്രത്തോളം എന്നതാണ്. മികച്ച പ്രകടനം കാഴ്ച വച്ചാല്‍, വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
 
            


























 
				
















