മുസ്ലിംലീഗിന് യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിംലീഗ് യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്നും മുന്‍ മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വെച്ച് ചിലര്‍ കഥകള്‍ മെനയുകയാണെന്നും എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. തോമസ് ഐസക് പറഞ്ഞത് ജനകീയാസൂത്രണ പദ്ധതിയുടെ പഴയ ചരിത്രമാണ്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ല. ലീഗ് എല്‍.ഡി.എഫുമായി അടുക്കുകയാണെന്ന ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുന്‍മന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ജനകീയാസൂത്രണ പദ്ധതിയോട് മുസ്ലിംലീഗ് നല്ല രീതിയില്‍ സഹകരിച്ചിരുന്നുവെന്നും അതിന്റെ മുഖ്യകാരണം കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണെന്നുമാണ് തോമസ് ഐസക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

‘ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടി ബോധവാനായിരുന്നു. ആദ്യമായിട്ടാണ് ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്.
ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോട് പൂര്‍ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പുസംബന്ധിച്ച് പലവട്ടം ഞങ്ങള്‍ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.’ തോമസ് ഐസക്ക് കുറിപ്പില്‍ പറയുന്നു.

ജനകീയാസൂത്രണത്തിന്റെ പരിശീലനത്തിനുള്ള കൈപ്പുസ്തകത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എന്ന ഭാഗം വിവാദമായപ്പോള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹായിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും തോമസ് ഐസക് വെളിപ്പെടുത്തിയിരുന്നു.