യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച കേസിലെ പ്രതികള്‍ പിടിയില്‍. അഴീക്കോട് വട്ടപ്പറമ്പില്‍ ബാബു(55), പേബസാര്‍ തേവരത്ത് സിയാദ് (പൊക്കന്‍ സിയാദ്-30) മേനോന്‍ ബസാര്‍ സ്വദേശികളായ കോതത്ത് സായ്കുമാര്‍(സായി-26) കംബ്ലിക്കല്‍ മഹേഷ്(ചിക്കു-37) തേര്‍പുരയ്ക്കല്‍ മിഖില്‍(കറമ്പന്‍-27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പള്ളിപ്പറമ്പില്‍ സലാമിനെ തല്ലിച്ചതച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുങ്ങിയ പ്രതികളെ എറണാകുളം മുനമ്പം ബീച്ചില്‍ നിന്ന് എസ്.ഐ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ സായി ചേലക്കരയിലേക്കും മറ്റുള്ളവര്‍ വയനാട്ടിലേക്കും മുങ്ങുകയായിരുന്നു.
എ.എസ്.പി കിരണ്‍കുമാര്‍, കൊടുങ്ങല്ലൂര്‍ സി.ഐയുടെ ചുമതലയുള്ള ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സി.ഐ സുരേഷ്‌കുമാര്‍ പറഞ്ഞു.
അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച രാത്രിയാണ് അവിഹിത ബന്ധത്തിനെത്തിയെന്ന പേരില്‍ ഒന്നാം പ്രതി വട്ടപ്പറമ്പില്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സലാമിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനെതിരായ പള്ളിപറമ്പില്‍ സലാമിനെതിരെയും പോലീസ് കേസെടുത്തു.
തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അപമര്യാദയായി പെരുമാറിയതായി വീട്ടുടമസ്ഥ കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സലാമിനൊപ്പം അവിഹിത ബന്ധമാരോപിക്കുന്ന സ്ത്രീ ഇവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതേസമയം വീട്ടുടമസ്ഥ സംഭവദിവസം വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.