സൈബര്‍ മനോരോഗികള്‍ക്ക് പിടിവീഴും: കാവ്യയുടെ പരാതിക്ക് പിന്നാലെ പല നടിമാരും കേസുകൊടുക്കും

 

ഫാന്‍ ഫൈറ്റെന്ന പേരില്‍ താരങ്ങളെയും സാമൂഹിക പ്രവര്‍ത്തകരെയും അവഹേളിക്കുന്നത് വര്‍ദ്ധിച്ചു വരുന്നു

കൊച്ചി: താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ അശ്ലീല കമന്റുകളിടുകയും ട്രോളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ അധിഷേപിക്കുകയും ചെയ്യുന്നരെ നിരീക്ഷിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും സൈബര്‍ പൊലീസിന് നിര്‍ദ്ദേശം. എഫ്.ബിയിലൂടെയും കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലൂടെയും അധിഷേപിക്കുന്നത് അതിര് വിട്ടതോടെയാണ് കഴിഞ്ഞ ദിവസം കാവ്യ എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്. തന്റെ ബിസിനസിനെയും വ്യക്തിജീവിതത്തെയും തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് കൊച്ചി സിറ്റി സ്റ്റേഷനിലെ വനിത സി.ഐ കാവ്യയുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

വിവാഹവുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ക്ക് താഴെയും അശ്ലീല കമന്റുകളായിരുന്നു. ഇതില്‍ ചിലരുടെ  പേരുകളും കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും താരം പൊലീസിന് കൈമാറി. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരെയും കാവ്യയെയും താരതമ്യപ്പെടുത്തിയുള്ള പോസ്റ്റുകള്‍ മാനസികമായി തന്നെയും കുടുംബത്തെയും തകര്‍ക്കുന്നതിനാണെന്നും കാവ്യ ആരോപിക്കുന്നു. ദിലീപിനും കാവ്യയ്ക്കുമെതിരെ എന്ത് പോസ്റ്റിട്ടാലും അത് വൈറലാകും ഇതേ തുടര്‍ന്നാണ് പലരും ഇത്തരം മോശമായ സംഭവങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ടി.വി- മിമിക്രി താരം സുബി സുരേഷ്, രഞ്ജിനി ഹരിദാസ്, നടി കനിഹ എന്നിവര്‍ക്കെതിരെയും നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.

നടി രചനാ നാരായണന്‍കുട്ടിയുടേതെന്ന പേരില്‍ വ്യാജ നഗ്ന വീഡിയോ ഇന്റര്‍നെറ്റിലൂടെയും വാട്‌സാപ്പിലൂടെയും പ്രചരിപ്പിച്ചിരുന്നു. അതിനെതിരെ താരം പരാതി നല്‍കിയിരുന്നു. മിസ്റ്റര്‍ഫ്രോഡ് എന്ന സിനിമ ഇറങ്ങിയപ്പോള്‍ ബി.ഉണ്ണികൃഷ്ണന്റെ എഫ്.ബി വാളില്‍ മോശം കമന്റുകള്‍ ഇട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് പലരും പിന്‍വാങ്ങിയത്. നടി ഭാനവ, അന്‍സിബ, റിമ കല്ലിങ്കല്‍, ആസിഫ് അലി, ആഷിഖ് അബു തുടങ്ങി നിരവധി താരങ്ങളാണ് സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. പലരും പ്രതികരിക്കാതിരിക്കുകയാണ്. എന്നാല്‍ കാവ്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് താരങ്ങള്‍ കൂടിയാലോചിച്ച് ഒരുമിച്ച് പരാതി നല്‍കാനാണ് ആലോചിക്കുന്നത്.