പ്രീതിയുടെ ഹിമവാൻ പര്യടനങ്ങൾ (വിജയ് സി.എച്ച്)

തിയോ മുതിർന്ന പുത്രന്മാരോ ഒപ്പം ഇല്ലാതെയാണ് പ്രീതി മഹേശ്വരി എന്ന വീട്ടമ്മയുടെ സാഹസികമായ ഹിമാലയ യാത്രകൾ! ജേർണലിസത്തിൽ താൻ നേടിയ ബിരുദം, ആഴത്തിൽ എഴുതപ്പെടേണ്ട വിഷയങ്ങളുടെ ഉള്ളറകൾ തുറന്നു കാണാനുള്ള മാർഗനിർദ്ദേശമായി ഉപയോഗിക്കാനാണ് അവർക്കിഷ്ടം.
ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവ്വതശിഖരങ്ങളും, പഞ്ചകൈലാസങ്ങളും, മാനസസരോവരവും ഉൾപ്പെടെയുള്ള അവാച്യമായ ദൃശ്യവിസ്മയങ്ങൾ ലോകത്തെ മുഴുവൻ മനുഷ്യർക്കും വേണ്ടി കരുതി വച്ചിരിയ്ക്കുന്ന ഹിമവാനെ തൊട്ടറിയേണ്ടത് എങ്ങനെയെന്നാണ് ഒരു സഞ്ചാരി ആദ്യമറിയേണ്ടതെന്ന് പ്രീതിയ്ക്ക് നല്ല ബോധ്യമുണ്ട്!
മൂവാറ്റുപുഴക്കാരിയായ പ്രീതിയുടെ ഹിമവാൻ പര്യടനങ്ങൾ ആരംഭിച്ചത്, 2012-ലെ കുടുംബസമേതമുള്ള ഹരിദ്വാർ-ഋഷികേശ് തീർത്ഥാടനത്തോടെയാണ്. അപായ സാധ്യതകൾ അധികമില്ലാത്ത ഈ യാത്രയിൽ, ഭർത്താവ് ഷിനോജും, മക്കൾ നിവേദ് കൃഷ്ണയും, വേദ കൃഷ്ണയും, നിതാന്ത് കൃഷ്ണയും സഹയാത്രികരായി അവരോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും, പിന്നീടുള്ള ഹിമഗിരി തീർത്ഥാടനങ്ങൾക്കെല്ലാം ഈ കുടുംബിനി തനിച്ചാണ് വീടുവിട്ടിറങ്ങിയത്. എന്നിരുന്നാലും, SBI മാനേജറായിരുന്ന പിതാവ് ബാലകൃഷ്ണൻ നായരും, ഡെപ്യൂട്ടി തഹസിൽദാറായിരുന്ന മാതാവ് ജയശ്രീയും, ചേച്ചി പ്രിയയും എക്കാലവും പ്രീതിയുടെ യാത്രാവഴികളിലെ നെയ്ത്തിരി വെട്ടമായിരുന്നു.
“ആറേഴു തവണ ഒറ്റക്കു പോയി പർവ്വതരാജാവിനെ തൊട്ടു വണങ്ങിയതിനു ശേഷം, കൈലാസ യാത്രകൾക്കു ഞാൻ തയ്യാറെടുത്തു. പരമശിവൻ്റെ മുഖ്യ ആസ്ഥാനമായ മഹാകൈലാസത്തേക്കുള്ള പ്രയാണത്തിലും പരിചയമുള്ളവരായി എൻ്റെ കൂടെ ആരും ഉണ്ടായിരുന്നില്ല,” പ്രീതി പറഞ്ഞു തുടങ്ങി:
ഭൗതിക ജ്ഞാനം അനിവാര്യം
ഒരു യാത്രിണിയാകും മുമ്പെ, ഹിമാലയത്തെക്കുറിച്ചും കൈലാസങ്ങളെക്കുറിച്ചുമൊക്കെ കുറെ ചിതറിക്കിടക്കുന്ന വിവരങ്ങൾ മാത്രമാണ് എനിയ്ക്ക് ഉണ്ടായിരുന്നത്. മഹാമേരുവിനെക്കുറിച്ചു പൊതുവെയും, കൈലാസ പർവ്വതങ്ങളെക്കുറിച്ചു  പ്രത്യേകിച്ചുമുള്ള ബഹുവിധമായ വ്യാഖ്യാനങ്ങൾ അന്യോന്യം ബന്ധപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിനാൽ, ഭൂമിശാസ്‌ത്രപരമായ വിവരങ്ങളിൽ വ്യക്തത വരുത്താനാണ് ഞാൻ ആദ്യം ശ്രമിച്ചത്. അവയുടെ ആത്മീയ വശങ്ങൾ ഉൾക്കൊള്ളാനും, മറ്റൊരാൾക്ക് പകർന്നു കൊടുക്കാനും സഞ്ചാരിക്ക് ലക്ഷ്യ സ്ഥാനങ്ങളെക്കുറിച്ചുള്ള ഭൗതിക ജ്ഞാനം അനിവാര്യമാണ്. നിഗൂഡതകൾ നിറഞ്ഞ മഞ്ഞുമലകളുടെ ആദ്ധ്യാത്മിക ചൈതന്യം ഉള്ളുകൊണ്ടറിയാൻ അവയുടെ പ്രകൃതി സൗന്ദര്യം അത്യന്തം സഹായകരമാകുകയും ചെയ്യുന്നു. ഭൂവിൻ്റെ ഉപരിതലത്തിലുള്ള ദൃഷ്ടിഗോചരമായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചാലല്ലേ അലൗകിക സങ്കേതങ്ങളെ അധീനമാക്കാൻ കഴിയൂ!
ഹിമാലയമെന്ന ഭാരത സംസ്കൃതി
ലോകത്തെ ഏറ്റവും വലിയ പർവ്വതനിരയായ ഹിമാലയം, ഭാരത സംസ്കൃതിയുമായി സംഗമിച്ചു കിടക്കുന്നു. ഇതിഹാസങ്ങളിലും പുരാണങ്ങളിലും ആഴമേറിയ ഹിമാലയ പരാമർശങ്ങളാണുള്ളത്. പൈതൃക വാഹിനികളായ സിന്ധു, ഗംഗ, ബ്രഹ്മപുത്ര മുതലായ നദികളുടെ ഉൽഭവസ്ഥാനവും ഹൈമവതിയാണ്. ഏറ്റവും വടക്കുള്ള ഹിമാദ്രിയും, അതിനു തെക്കുള്ള ഹിമാചലും, ഏറ്റവും തെക്കുള്ള സിവാലിക് നിരകളുമാണ് ഭൂമിശാസ്‌ത്രപരമായി നമ്മുടെ രാജ്യത്തോട് ചേർന്നുകിടക്കുന്നത്. ഹിമാദ്രിയ്ക്കും വടക്കുള്ള തിബെത്തൻ ഹിമാലയത്തിലാണ് മഹാകൈലാസ പർവ്വതവും, തടാകങ്ങളായ മാനസസരോവരവും രക്ഷാ സ്‌താലും സ്ഥിതി ചെയ്യുന്നത്. അതിനാൽ, മഹാകൈലാസം കൈലാസം-മാനസസരോവരമെന്നും അറിയപ്പെടുന്നു. ഉത്തരാഖണ്ഡിലുള്ള ഹരിദ്വാറും, ഋഷികേശും മഞ്ഞുമലയിലേയ്ക്കുള്ള വാതിൽപ്പടികളാണ്. ഹിമാലയ യാത്രകളിൽ പതിവായി ഞാൻ സന്ദർശിക്കുന്ന ഇടങ്ങളാണ് ഗംഗോത്രി, യമുനോത്രി, സതോപന്ത് തടാകം, ഉത്തരകാശി, കേദാർനാഥ്, ബദരീനാഥ് മുതലായവ. ഹിമാചൽ പ്രദേശിലെ പാർവ്വതി താഴ്‌വര ദർശിച്ചാൽ, ഭൂമിയിലെ പ്രകൃതി സൗന്ദര്യമത്രയും ഇവടെയാണെന്ന് തോന്നിപ്പോകും! എട്ടു യാത്രകളിലായി ശക്തിപീഠങ്ങൾ ഉൾപ്പെടെ, 40 ഹിമാലയ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ഉത്തരേന്ത്യൻ തീർത്ഥയാത്രകളിൽ, വ്യാസഗുഹ, ഹനുമാൻ ചട്ടി, ത്രിവേണി മുതലായ സ്ഥലങ്ങളെല്ലാം ഉൾപ്പെടുന്നു. ഗംഗാസ്നാനം ഒരു വേറിട്ട അനുഭൂതിയായി എനിയ്ക്ക് അനുഭവപ്പെട്ടു.

 പഞ്ചകൈലാസങ്ങൾ

കൈലാസമെന്ന പേരുകൊണ്ട് സാധാരണ ഉദ്ദേശിക്കുന്നത് തിബത്തിലുള്ള മഹാകൈലാസമാണ് (Kangrinboqe Peak). എന്നാൽ, ഇതു കൂടാതെ വേറെ നാലു കൈലാസങ്ങൾ കൂടി ഇന്ത്യയുടെ ഭാഗത്തുള്ള ഹിമാലയ സാനുക്കളിലുണ്ട്. ആദികൈലാസം ഉത്തരഖണ്ഡിലും, മണിമഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീഖണ്ഡ് മഹാദേവ കൈലാസം എന്നിവ ഹിമാചൽ പ്രാദേശിലുമാണ്. ശിവസന്നിധാനങ്ങളായി കരുതപ്പെടുന്ന ഇവയഞ്ചും ചേർന്നതാണ് പഞ്ചകൈലാസങ്ങൾ. ഛോട്ട കൈലാസം എന്ന പേരിലും അറിയപ്പെടുന്ന ആദികൈലാസം (Jonglingkong Peak), ഉത്തരാഖണ്ഡിലെ പിതോരഗർ ജില്ലയിലാണ്.  ആദികൈലാസം കഴിഞ്ഞെത്തുന്ന ഓം പർവ്വതം എന്ന പവിത്രമായ ഗിരിശിഖരവും പിതോരഗർ ജില്ലയിൽ തന്നെയാണ്. മഹാകൈലാസ പർവ്വതത്തിന് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 6,640 m ഉയരമുണ്ട്. മറ്റു നാലു കൈലാസ ശിഖരങ്ങൾക്കും, ഓം പർവ്വതത്തിനും ഏറെക്കുറെ 6000 m പൊക്കമാണുള്ളത്. പ്രശസ്ത ഹൈ-ആൾട്ടിട്യൂഡ് (4,080 m) ജലാശയമായ മണിമഹേഷ് തടാകത്തിനോട് ചേർന്നാണ് മണിമഹേഷ് കൈലാസ കൊടുമുടി. ഒരു കൈലാസമെങ്കിലും പരിക്രമണം ചെയ്തയാൾ, കൈലാസി. അഞ്ചു കൈലാസങ്ങളും ഭ്രമണം ചെയ്തയാൾ, പഞ്ചകൈലാസി.
ദുർഘടം പിടിച്ച നടവഴികൾ
ജനിമൃതികളുടെ പൊരുൾതേടി അഞ്ചു കൈലാസങ്ങളിലും ഞാ൯ എത്തിയിട്ടുണ്ടെങ്കിലും, അവയിൽ ഏറ്റവും ദുഷ്കരമായി തോന്നിയത് ശ്രീകണ്ഠ മഹാദേവ കൈലാസത്തിലേക്കുള്ള തീർത്ഥാടനമാണ്. ദുർഘടം പിടിച്ച നടവഴികൾ തന്നെ കാരണം. അമ്പതു കിലോമീറ്റർ ദൂരമെങ്കിലും ഒട്ടും വഴങ്ങാത്ത പാതയിലൂടെയുള്ള കാൽനടയിലാണ് രാജ്യത്തെ നാലു കൈലാസങ്ങളിലേക്കുമുള്ള സഞ്ചാരവഴികൾ അവസാനിക്കുന്നത്. അഗാധമായ കൊക്കകളുടെ തൊട്ടരികിലൂടെ, നെടും കുത്തനെയും കീഴോട്ടുമുള്ള കൊത്തുകൽ പാതകൾ. മലമുകളിൽനിന്ന് ഊക്കോടെ  കുത്തിയൊലിച്ചിറങ്ങുന്ന ജലവുമായി പായുന്ന വൻ നീർച്ചാലുകളിലേയ്ക്ക് കാൽ വഴുതി വീഴാതിരിക്കാൻ ജാഗ്രത പുലർത്തണം. പാതയിലേക്ക് തള്ളിനില്‍ക്കുന്ന പാറകളിൽ തലയിടിക്കാതെ നോക്കണം. മഞ്ഞണിഞ്ഞ കൊടുമുടികളാണ് നോക്കുന്നിടത്തെല്ലാം. വെള്ളച്ചാട്ടങ്ങൾ തലയ്ക്കു മുകളിൽ നിന്നെത്തി അരുവികളിൽ പതിക്കുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കൊല്ലത്തിൽ പതിനഞ്ച് ദിവസം മാത്രമേ യാത്രകൾ അനുവദിക്കുന്നുള്ളൂ. ഇരുപഞ്ചു ശതമാനം തീർത്ഥാടകരോ വിനോദ സഞ്ചാരികളോ ദൗത്യം പൂര്‍ത്തിയാക്കാനാകാതെ മടങ്ങി വരുകയും, പത്തു പേരെങ്കിലും യാത്രക്കിടയിലെ അപകടങ്ങളിൽ മരണമടയുകയും ചെയ്യുന്നുവെന്നാണ് വാർഷിക കണക്കുകൾ.


കണ്ണീരൊഴുക്കി, പക്ഷെ 

ചുവടുകൾ മുന്നോട്ടു മാത്രം
മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശിം‌ലയുടെ 150 km വടക്കു-കിഴക്കുള്ള രാംപൂർ മേഖലയിലാണ് ശ്രീഖണ്ഡ് മഹാദേവ കൈലാസം. കുല്ലു ജില്ലയിലെ ജാവോൻ ഗ്രാമമാണ് വലിയ ബേസ് കേമ്പ്. പാതയിൽ താച്ച്റു മുതൽ ചെങ്കുത്തായ കയറ്റവും ഇറക്കവുമാണ്. ശ്രീഖണ്ഡ് കൈലാസ പാതയിലെ, അവസാന പാദത്തിലെ 12 km ദൂരം മലഞ്ചെരിവ്‌, 80 ഡിഗ്രി എലിവേഷൻ കോണിൽ കുത്തനെ കയറണം. ഏറെ സാഹസികവും അതീവ കഠിനവുമാണ് ഈ ട്രെക്കിങ്. ഹിമാലയത്തിൻ്റെ വശ്യസൗന്ദര്യം നുകരാനുള്ള മനോനിലവാരം ലഭിയ്ക്കുമോ സഞ്ചാരിക്ക്? കല്ലുകൾ നിരത്തിയിട്ടു നിർമ്മിച്ച ‘കച്ചാ’ പാതകൾ. ഒരു കല്ലിൽ നിന്ന് അടുത്തതിലേയ്ക്ക് ചവിട്ടണമെങ്കിൽ, കാൽമുട്ട് നെഞ്ചിൽ മുട്ടുന്നതു വരെ ഉയർത്തണം! സ്ത്രീകൾക്ക് അടുത്ത കാലം വരെ ഈ യാത്രയ്ക്ക് അനുമതി നൽകാതിരുന്നതിൻ്റെ കാരണം വ്യക്തം. ദേവദാരു, ഭോജ് പത്ര, പൈന്‍ മുതലായ മരങ്ങൾ ഇടതൂർന്നു നിൽക്കുന്നു. തുടർച്ചയായി പൊഴിഞ്ഞു കൊണ്ടിരിക്കുന്ന ഇലകൾ, പാതയിൽ ഘനമുള്ള മെത്തകൾ തീർത്തിരിക്കുന്നു. ചറുപറാ വളർന്നു നിൽക്കുന്ന പുല്ലുകളും ചേരുമ്പോൾ, വഴി സ്വയം കണ്ടെത്തി മുന്നോട്ടു പോകണമെന്ന അവസ്ഥ. ചെളിയും വഴുക്കലും സർവത്ര. പലയിടങ്ങളിലും, ഒരു പാറയിൽ നിന്നും അടുത്തതിലേക്ക് ഊക്കോടെ ചാടിക്കടക്കണം.  ഇടയിലുള്ള വിടവ് ചെന്ന് അവസാനിക്കുന്നത് കൊക്കയുടെ അടിത്തട്ടിലാണ്. ചുവടൊന്നു തെന്നിയാലോ, കാലൊന്നു ഉളുക്കി വലിച്ചാലോ ഉടലോടെ പുൽകാം യമപുരി! ശ്രീകണ്ഠ മഹാദേവ കൈലാസത്തിലെത്താൻ ഇങ്ങനെ താണ്ടണം 36 മലകൾ. ആദ്യമാദ്യം വഴിയുടെ സമീപ പ്രദേശങ്ങൾ അലങ്കരിക്കപ്പെട്ടിരുന്നത് ചെറിയ പാറകളാൽ ആയിരുന്നുവെങ്കിലും, പിന്നീട് ഞാൻ കണ്ടതെല്ലാം പടുകൂറ്റൻ കരിങ്കൽ സ്വരൂപങ്ങളാണ്. അകമ്പടി നിന്നത് തുരുതുരെ അടർന്നു വീഴുന്ന പാറക്കഷ്ണങ്ങളുടെ ഭയാനകമായ മുഴക്കങ്ങളും. പാറക്കെട്ടുകൾക്കകത്ത് കുടുങ്ങിപ്പോകുന്ന ജലം തണുത്തുറച്ച് ഹിമക്കട്ടകളായി രൂപപ്പെടുമ്പോൾ, വ്യാപ്തി വർദ്ധിച്ചു ശിലാപാളികളെ തകർക്കുമല്ലൊ (Frost Weathering). കനത്ത മൂടൽ മഞ്ഞു കാരണം തൊട്ടടുത്തുള്ളവരെപ്പോലും കാണാൻ കഴിഞ്ഞിരുന്നില്ല. എവിടെ എന്തു സംഭവിക്കുന്നുവെന്ന് അറിയാനാവാത്ത ഉദ്വേഗജനകമായ അന്തരീക്ഷം. എല്ല് കോച്ചുന്ന തണുപ്പു മൂലം അസഹ്യമായ ശരീര വേദന. ഇടയ്ക്കിടെ കരഞ്ഞും, കണ്ണീരൊഴുക്കിയും ഞാനെൻ്റെ പ്രാണസങ്കടം സ്വയം സംഗ്രഹിക്കാ൯ ശ്രമിച്ചു. മലകയറ്റത്തിനിടയിൽ അപകടം മണത്താൽ, തൽക്ഷണം യാത്ര മതിയാക്കി തിരികെ പോരണമെന്നാണ് ഗൈഡ് നൽകിയിരുന്ന കർശനമായ നിർദ്ദേശം. തിരിച്ചു നടക്കൂ, ഇനി ഒരു ചുവട് മുന്നോട്ടു വയ്ക്കരുതെന്ന് മനസ്സ് നിരന്തരമായി മന്ത്രിച്ചുകൊണ്ടിരുന്നുവെങ്കിലും, തീർത്ഥാടന പാതയിൽ ഞാൻ അടിവെച്ചത് മുന്നോട്ടു തന്നെ — എത്തിപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ശ്രീഖണ്ഡ്  മഹാദേവ കൈലാസ ശൃംഗത്തിലേയ്ക്ക്!

മഹാകൈലാസം, മാനസസരോവരം
മഹാകൈലാസം രാജ്യത്തിനു വെളിയിലുള്ള തീർത്ഥാടന കേന്ദ്രമായതിനാൽ, യാത്രയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങണം. ഫ്ലൈറ്റ്, ട്രെയിൻ, ബസ്, കുതിര മുതലായവയ്ക്കുള്ള ബുക്കിങ്ങുകളാണ് ആദ്യം ചെയ്യേണ്ടത്. ഡെൽഹിയിലുള്ള അനുഭവസമ്പന്നരായ ടൂർ ഓപ്പറേറ്റേഴ്സ് അതെല്ലാം ഏറ്റെടുക്കും. സഞ്ചാരത്തിനു വേണ്ട രേഖകൾ മുതൽ ഗൈഡ് വരെയുള്ള കാര്യങ്ങളെല്ലാം അവരുടെ പരിധിയിൽ വരുന്നു. ആവശ്യപ്പെടുന്ന ദിവസം, നിർദ്ദേശമനുസരിച്ചുള്ള യാത്രാ സാമഗ്രികളുമായി, യാത്രികർ ഡെൽഹിയിലെത്തണം. വിദേശകാര്യ മന്ത്രാലയമാണ് മഹാകൈലാസ യാത്രകൾ നിയന്ത്രിക്കുന്നത്. ഉത്തർപ്രദേശിലെ തെരായി സമതലം കടന്ന്, നേപ്പാളിൽ ബാങ്കെ ജില്ലയിലുള്ള ഗുഞ്ച് (Nepalgunj) പട്ടണം വഴിയാണ്, ചൈനയുടെ നിയന്ത്രണത്തിലുള്ള തിബെത്തിൽ ഞാൻ പ്രവേശിച്ചത്. ഉത്തരാ‍ഖണ്ഡിനും ടിബറ്റിനും (തക്ലക്കോട്ട്) ഇടയിലുള്ള പരമ്പരാഗത ലിപുലേഖ് ചുരവും (Lipulekh Pass), സിക്കിമിനെയും തിബെത്തിനെയും (യാഡോംഗ്) ബന്ധിപ്പിക്കുന്ന നാഥു ലാ ചുരവും (Nathu La Pass) വഴി സഞ്ചരിച്ചും മഹാകൈലാസത്തിലെത്താം. ലഖ്‌നൗവിൽ നിന്ന് ബസ്‌ മാര്‍ഗം നേപ്പാൾഗുഞ്ച്. അവിടെ നിന്ന് ചെറിയൊരു വിമാനം കയറി, സിമികോട്ട് എന്ന സുന്ദരമായ ഗ്രാമത്തിലേക്ക്. ഈ കേമ്പിൽ ഒരു ദിവസം താമസിച്ചു. പിറ്റേന്ന് തിബെത്ത് അതിർത്തിയിലുള്ള ഹിൽസയിലേക്ക് ഹെലികോപ്റ്റർ യാത്ര. കർശനമായ മെഡിക്കൽ ചെക്കപ്പും, രേഖാ പരിശോധനകളും, പേരു വിവരം രേഖപ്പെടുത്തലുകളും ഉടനീളമുണ്ട്. കൈലാസത്തില്‍ നിന്ന് ഉത്ഭവിക്കുന്ന കർനാലി (ഘാഗ്ര) നദിയുടെ തീരത്താണ് ഹിൽസ പട്ടണം. കർനാലിയ്ക്കു കുറുകെ ഒരു തൂക്കുപാലം. ആ പാലത്തിനക്കരെ ചൈന. ഹിൽസ വിഹാരത്തിൽ ആദ്യം കണ്ടത് ചൈനീസ്‌ പെര്‍മിറ്റു ലഭിക്കാൻ രണ്ടാഴ്ചയായി കാത്തിരിക്കുന്ന ആന്ധ്രയില്‍ നിന്നെത്തിയൊരു സംഘത്തെയാണ്. ഭാഗ്യവശാൽ, പിറ്റേന്ന് തന്നെ ഞങ്ങള്‍ക്ക് കൈലാസ യാത്രക്കുള്ള ചൈനീസ്‌ പെര്‍മിറ്റ്‌ കിട്ടി. കർനാലി പാലം കടന്നതിനു ശേഷം ചൈനീസ്‌ അധികൃതരുടെ പരിശോധനയും കഴിഞ്ഞു, ഞങ്ങൾ മാനസസരോവര തീരത്തേയ്ക്കു പുറപ്പെട്ടു. ഷേർപ്പ ഉൾപ്പെടെ 56 പേരടങ്ങുന്ന സംഘമായിരുന്നു ഞങ്ങളുടെത്. പക്ഷെ, പ്രതികൂല സാഹചര്യങ്ങൾ നിമിത്തം കൈലാസ-മാനസസരോവര പരിക്രമണ സമയത്ത് അംഗസംഖ്യ അഞ്ചായി കുറഞ്ഞു. പകുതിയിലേറെ യാത്രികർക്കും അഞ്ചു കിലോമിറ്റർ അടുത്തുള്ള ദിരാപുക് വിഹാരം വരെ പോലും എത്താൻ കഴിഞ്ഞില്ല. അസഹ്യമായ ഹിമക്കാറ്റ് ആഞ്ഞടിക്കുന്ന സമതലഭൂമിയിലാണ് ദിരാപുക് ബേസ് കേമ്പ്. കഠിനമായ തണുപ്പ് ശ്വാസകോശങ്ങളെ ഗ്രസിക്കുന്നതിനാൽ, മഞ്ഞുകുപ്പായങ്ങൾ അവിടെ നിർവ്വീര്യമാകുന്നു. പിടിച്ചുനിൽക്കാൻ കഴിയാത്തവരെല്ലാം പിൻവാങ്ങി. സമുദ്ര നിരപ്പിൽ നിന്ന് 4,590 m ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, 410 ചതുരശ്ര കിലോമീറ്റർ ഉപരിതല വിസ്തീർണ്ണമുള്ള തടാകത്തിൽ ഓളങ്ങളും, അരയന്നങ്ങളും, അപൂർവ്വമായ പക്ഷികളും. അടിത്തട്ടുവരെ കാണാവുന്നത്രയും തെളിഞ്ഞ ജലം. തൊട്ടടുത്തുള്ള രക്ഷാ സ്താൽ പൊയ്കയിലും, സമീപത്തുള്ള മറ്റെല്ലായിടത്തും ഉപ്പുവെള്ളം നൽകുന്നതിനിടയിലും, കൈലാസ സരോവരത്തിനു മാത്രം ശുദ്ധജലമെന്ന ശ്രേഷ്ഠപദവി നൽകിയ പ്രകൃതിയ്ക്കു ധന്യവാദം! ഞങ്ങൾ എത്തിയത് പൗർണമി നാളായിരുന്നതിനാൽ, വൃത്താകൃതിയിലുള്ള ജലാശയത്തിൽ നീലജലം. ആറു ഡിഗ്രി ശീതനിലയുള്ള ആ നിർമ്മല നീരിൽ നിരവധി തവണ മുങ്ങി, ഞാൻ സ്നാനം ചെയ്തു. പിറ്റേന്നായിരുന്നു കൈലാസ പരിക്രമണം. ബസിൽ യാത്ര ചെയ്താണ് തടാകത്തെ പ്രദക്ഷിണം വച്ചത്. കാൽനടയായി വലംവയ്‌ക്കാൻ മൂന്നു ദിവസത്തിലേറെ വേണം. അത്രയും സമയം തന്നെ കൈലാസ പരിക്രമണത്തിനും വേണമെങ്കിലും, മൂന്നു ദിവസം തുടർച്ചയായി ശിവശൈലത്തെ കാൽനടയായി പ്രദക്ഷിണം ചെയ്യണമെന്നത് എൻ്റെ മോഹമായിരുന്നു. ദിറാപുക്കിൽനിന്ന് അടുത്ത കേമ്പായ സുത്തുൽപുക്കിലേക്ക് 22 കിലോമീറ്റർ ദൂരമുണ്ട്. നടത്തം രാവിലെ തുടങ്ങി. നടന്നിട്ടും, നടന്നിട്ടും തീരാത്ത പ്രദക്ഷിണവഴികൾ. കല്‍ക്കൂമ്പാരങ്ങളിലൂടെ, മഞ്ഞുകട്ടകളിലൂടെ, ഹിമപരപ്പിലൂടെ… ഊർജ്ജം മൊത്തം ചോർന്നപ്പോൾ, അൽപം കുതിരപ്പുറത്ത്. താഴോട്ടിറങ്ങുമ്പോൾ ദൂരെ, താഴെ മനോഹരമായ ഗൗരികുണ്ട് (പാർവ്വതി സരോവർ) കണ്ടു. മൂന്നാം ദിവസം, പരിക്രമണത്തിൻ്റെ അന്ത്യഘട്ടത്തിൽ, അന്തരീക്ഷം മാറിയത് പെട്ടെന്നാണ്. ഇരുൾ മൂടി, താമസിയാതെ മഴയും പെയ്തു. ആദ്യമായി ഞാൻ അന്ന് ആലിപ്പഴം പൊഴിയുന്നത് കണ്ടു. അവ മുഖത്തു വന്നു വീഴുമ്പോൾ സൂചി കുത്തുന്നതു പോലെ വേദനയുണ്ടായിരുന്നു. എന്നിരുന്നാലും, വിഷമമൊന്നും തോന്നിയില്ല; എല്ലാം വഴിയാംവണ്ണം നിറവേറ്റുവാൻ കഴിഞ്ഞതിൻ്റെ സംതൃപ്‌തിയായിരുന്നു ഉള്ളിൽ. ദർച്ചൻ ബേസ് കേമ്പിൽ തിരിച്ചെത്തിയതോടെ മഹാകൈലാസ പരിക്രമണം പൂർത്തിയായി. ആത്മനിർഭരം, ഞാൻ പഞ്ചകൈലാസി!