ഡല്‍ഹി: യുക്രൈനിലെ സ്ഥിതി ഇന്ത്യ നിരന്തരം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അവിടെ തുടരാന്‍ അത്യാവശ്യമില്ലാത്തവര്‍ മടങ്ങുക തന്നെ വേണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ഉറപ്പാക്കാന്‍ ചര്‍ച്ച നടത്തും. എംബസിയുടെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷിന്റെ കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനില്‍ നിന്ന് ഇന്നലെ മടങ്ങിയ എത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. യുക്രൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അര്‍ദ്ധരാത്രിയോടെയാണ് ദില്ലിയില്‍ എത്തിയത്. വരും ദിവസങ്ങളിലും കൂടുതല്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
യുക്രൈനിലുള്ള ഇന്ത്യക്കാരെയും ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം ദില്ലിയിലെത്തി. 256 സീറ്റുകളുള്ള ഡ്രീംലൈനര്‍ ബോയിംഗ് 787 വിമാനമാണ് ദില്ലിയിലെത്തിയത്. ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഉള്ളത്. വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് വിമാനങ്ങള്‍ കൂടി യുക്രൈനിലേക്ക് പോകും. കീവിലെ ബോറിസ്പില്‍ വിമാനത്താവളത്തില്‍ നിന്നാണ് ആദ്യം വിമാനം പുറപ്പെട്ടത്. എയര്‍ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകള്‍, ഔദ്യോഗിക വെബ്സൈറ്റ്, കോള്‍ സെന്ററുകള്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴി മറ്റു വിമാനങ്ങള്‍ക്കുള്ള ബുക്കിങ് പുരോഗമിക്കുകയാണ്.