റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍. സാമ്പത്തിക ശേഷിയും മാനുഷിക പിന്തുണയും സമാഹരിക്കാന്‍ യുക്രൈനിയന്‍ ജനതയ്ക്കും ഭരണകൂടത്തിനും ഉള്ള പിന്തുണയും ചര്‍ച്ച ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് ശേഷമാണ് ചാള്‍സിന്റെ പ്രതികരണം.

റഷ്യയ്ക്കെതിരായ പുതിയ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം റഷ്യന്‍ ബാങ്കിംഗ് മേഖലയുടെ 70 ശതമാനത്തെ ബാധിക്കുമെന്നും ആധുനിക സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം റഷ്യക്ക് നിഷേധിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. റഷ്യയുടെ പ്രവര്‍ത്തനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കൂടുതല്‍ നിയന്ത്രണ നടപടികള്‍ യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകരിച്ചു.

സാമ്പത്തിക മേഖല, ഊര്‍ജ, ഗതാഗത മേഖലകള്‍, ഇരട്ട ഉപയോഗ സാധനങ്ങള്‍, കയറ്റുമതി നിയന്ത്രണം, കയറ്റുമതി ധനസഹായം, വിസ നയം, റഷ്യന്‍ വ്യക്തികളുടെ അധിക ലിസ്റ്റിംഗുകള്‍, പുതിയ ലിസ്റ്റിംഗ് മാനദണ്ഡങ്ങള്‍ എന്നിവ ഈ ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു.