യുക്രൈനിലേക്ക് സൈന്യമില്ല, ഉപരോധം കടുപ്പിച്ച് ബൈഡൻ

വാഷിങ്ടണ്‍: റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ . സൈനിക നടപടിക്കില്ലെന്ന് നാറ്റോ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈഡനും സൈനിക നടപടിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുഎസിലുള്ള റഷ്യയുടെ എല്ലാ ആസ്തികളും മരവിപ്പിച്ചു. ഇതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ വിടിബിയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ റഷ്യന്‍ കമ്പനികള്‍ക്കു നേരെയും നടപടിയുണ്ടാകും.

ഉപരോധത്തിലൂടെ റഷ്യയുടെ സാമ്പത്തിക രംഗത്തെ തകര്‍ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഡോളര്‍ അടക്കമുള്ള വിദേശ കറന്‍സി ഉപയോഗിച്ച് ആഗോള സാമ്പത്തികരംഗത്ത് റഷ്യ ബിസിനസ് നടത്തുന്നതിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി.