ഭൂമി തട്ടിപ്പുകേസില്‍ സി.പി.എമ്മിന്റെ ശാസന; എം.എല്‍.എ പണമടച്ച് കേസില്‍ നിന്നും തലയൂരി

മലപ്പുറം: ഭൂമി തട്ടിപ്പുകേസില്‍ സി.പി.എം നേതൃത്വം ശാസിച്ചതിനെ തുടര്‍ന്ന പി.വി. അന്‍വര്‍ എം.എല്‍.എ കോടതിയില്‍ പണമടച്ച് കേസില്‍ നിന്നും തലയൂരി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും നാണം കെടുത്തിയെന്നു പറഞ്ഞാണ് ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ച എം.എല്‍.എയെ സംസ്ഥാന നേതൃത്വം ശാസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെട്ടു. എം.എല്‍.എയെ നിയന്ത്രിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് സി.പി.എം ജില്ലാ നേതൃത്വത്തിനു നല്‍കിയത്.

പലിശ സഹിതം ഉടന്‍ പണം കോടതിയില്‍ അടക്കാനും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കുന്ന 21-ലേക്കു കാത്തു നില്‍ക്കാതെ അതുവരെയുള്ള പലിശസഹിതം ഇന്നലെ അന്‍വര്‍ 1,14,270 രൂപ അടച്ചു.

ഇന്നലെ രാവിലെ തുകക്കുള്ള ചെക്കുമായി എത്തിയെങ്കിലും വാദിഭാഗം അഭിഭാഷകന്‍ ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ എന്നു പറഞ്ഞതോടെ ഡി.ഡിയാക്കി നല്‍കുയായിരുന്നു. ഇതോടെ 93 വയസ്സായ കുടിയേറ്റ കര്‍ഷകന്‍ മഞ്ചേരി മാലാംകുളം വാഴത്തോട്ടില്‍ സി.പി. ജോസഫിന്റെ ഒമ്പത് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനാണ് ശുഭാന്ത്യമായത്.

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതി കൂട്ടുന്നതിന് സി.പി. ജോസഫിന്റെ 19 സെന്റ് സ്ഥലം അന്‍വര്‍ വാങ്ങുകയായിരുന്നു. എന്നാല്‍ രാത്രി ജെ.സി.ബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമി തട്ടിയെടുത്തു. 2008-ലാണ് ഇതിനെതിരെ ജോസഫ് മഞ്ചേരി സബ് കോടതിയെ സമീപിച്ചത്. ഈ കേസില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന് 2014-ല്‍ കോടതി വിധി വന്നു. എ്‌നാല്‍ ആറുമാസമായിട്ടും പണം നല്‍കാതിരുന്നതോടെ ജോസഫ് വിധി നടത്തിത്തരാന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

പി.വി. അന്‍വര്‍ നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഇതേ കേസില്‍ അറസ്റ്റു വാറന്റുണ്ടായിരുന്നു. അന്നു തന്നെ പണമടച്ച് പ്രശ്‌നം തീര്‍ക്കണമെന്നാണ് സി.പി.എം നേതൃത്വം നിര്‍ദ്ദേശിച്ചത്. എന്നാല്‍ 10 ലക്ഷം രൂപ അടച്ച് ബാക്കി തുകയ്ക്ക് അഞ്ച് ഗഡുക്കള്‍ വാങ്ങുകയായിരുന്നു അന്‍വര്‍. എം.എല്‍.എയായപ്പോള്‍ ഇതില്‍ വീഴ്ച വരുത്തിയതിനാണ് കോടതി 12-ന് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇതോടെ എം.എല്‍.എയില്‍ നിന്നും സി.പി.എം നേതൃത്വം വിശദീകരണം തേടിയിരുന്നു. അറസ്റ്റ് വാറണ്ട് വന്നതോടെ അവശേഷിക്കുന്ന മുഴുവന്‍ തുകക്കുമുള്ള ഡി.ഡി 13-ന് എടുത്തെങ്കിലും വാഗ്ദാനം അഭിഭാഷകന്‍ പി.എ. പൗരന്‍ ഓഫീസ് പൂട്ടിപോയതിനാല്‍ കൈമാറാനും വാറണ്ട് പിന്‍വലിപ്പിക്കാനുമായില്ലെന്നാണ് എം.എല്‍.എ വിശദീകരിച്ചത്. എന്നാല്‍് ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് 16-ന് കോടതിയില്‍ അരങ്ങേറിയത്. പലിശസഹിതം 3,36,719 രൂപ അടക്കേണ്ടിടത്ത് 2,22804 രൂപയുടെ ഡി.ഡിയാണ് കോടതിയില്‍ എം.എല്‍.എയുടെ അഭിഭാഷകന്‍ ഹാജരാക്കിയത്. ഇത് അംഗീകരിക്കാന്‍ ജഡ്ജി കെ.പി. പ്രദീപ് തയ്യാറായില്ല. തുക പൂര്‍ണ്ണമായും അടക്കാതെ വാറണ്ട് പിന്‍വലിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

പി.വി. അന്‍വര്‍ എം.എല്‍.എയെ തേജോവധം ചെയ്യാന്‍ അഡ്വ. പി.എ. പൗരന്‍ രാഷ്ട്രീയ ഗൂഡാലോചന നടത്തി എന്ന അന്‍വറിന്റെ അഭിഭാഷകന്‍ സഫറുള്ളയുടെ വാദം കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കും മാപ്പു പറയലിനും ഇടയാക്കി. കേസുമായി ബന്ധമില്ലാത്ത ഇത്തരം കാര്യങ്ങള്‍ കോടതിയിലല്ല വീട്ടില്‍ പോയാണ് പറയേണ്ടത് എന്നായി പൗരന്‍. ഇതോടെ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെങ്കില്‍  പുറത്തുപോകാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ അന്‍വറിന്റെ അഭിഭാഷകന്‍ സഫറുള്ള കോടതിയില്‍ ക്ഷമാപണം നടത്തുകയായിരുന്നു. ഇതോടെയാണ് സി.പി.എം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ശക്തമായി ഇടപ്പെട്ട് എം.എല്‍.എയെ ശാസിച്ച് പണമടക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ നിലമ്പൂര്‍ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. അന്ന് മൂന്നു ദിവസത്തിനകം എസ്.ഐക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് എം.എല്‍.എ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. എന്നാല്‍ സി.പി.എം നേതൃത്വം കര്‍ക്കശ നിലപാടെടുത്തതോടെ എം.എല്‍.എ സമരപ്രഖ്യാപനം വിഴുങ്ങുകയായിരുന്നു. എം.എല്‍.എക്കെതിരേ കേസെടുത്ത പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗനെ സ്ഥലം മാറ്റാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായതുമില്ല.