തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോവുന്നു. പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാള്‍ നടക്കാനിരിക്കെയാണ് രാഹുലിന്റെ പരിഹാസം.

തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ”മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോവുന്നു. പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇന്ധനവില വര്‍ധന ഉണ്ടായിരുന്നില്ല. ഇന്ധന നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെയും തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇന്ധനവില വര്‍ധന നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.