എണ്ണവില കത്തുന്നു

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. ഇന്നലെ 139 ഡോളര്‍ എന്ന നിലയില്‍ വരെ വില ഉയര്‍ന്നിരുന്നു. 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒമ്പത് ശതമാനം ഉയര്‍ന്നു.

2008ന് ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും ഉയരത്തിലെത്തുന്നത്. ഇതോടെ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില.

റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്താൻ യുഎസും യൂറോപ്യൻ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. റഷ്യയില്‍ ഉല്പാദനം നടക്കുന്നുണ്ടെങ്കിലും ആഗോള ബാങ്കിങ് ഇടപാടുകള്‍ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ തടസവും സാഹചര്യം കൂടുതല്‍ വഷളാക്കി. ആണവ കരാർ ചർച്ച പൂർത്തീകരിച്ച് ഇറാൻ എണ്ണ വിപണിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷ തകർന്നതും വില ഉയരാൻ വഴിയൊരുക്കി.

നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പെട്രോള്‍ വില ഒറ്റയടിക്ക് 25 രൂപ വരെ ഉയര്‍ന്നേക്കുമെന്നും വിലയിരുത്തലുണ്ട്. ഇതിന് അനുസരിച്ച് എക്സൈസ് തീരുവ കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ രാജ്യത്ത് വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാകും.