മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാറിനെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ അഴിമതി ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും നിയമോപദേശകനുമായ ഡോ.എന്‍.കെ ജയകുമാറിനെതിരെ അഴിമതി ആരോപണവുമായി മുസ്‌ലിം യൂത്ത്‌ലീഗ്. നുവാല്‍സ് വി.സി ആയിരിക്കെ ജയകുമാര്‍ അഴിമതി നടത്തിയതിനും ക്രമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും തെളിവുകളുണ്ടെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നുവാല്‍സ് വൈസ് ചാന്‍സിലറായിരിക്കെ എച്ച്.പി.എല്‍ എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി 15 കോടിയോളം രൂപ അനുവദിച്ചതിന്റെ രേഖകള്‍ ഫിറോസ് പത്രസമ്മേളനത്തില്‍ പുറത്ത് വിട്ടു. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം നല്‍കിയതിന്റെ ഓഡിറ്റ് ഒബ്ജക്ഷന്‍ രേഖകളും  പത്രസമ്മേളനത്തില്‍ ഹാജരാക്കി. അന്നത്തെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്സും നുവാല്‍സ് ചാന്‍സലറുമായ അശോക് ഭൂഷണ്‍ ഇത് സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്ന് ഫിറോസ് ആരോപിച്ചു.  എന്‍.കെ ജയകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കും. യൂത്ത് ലീഗ് ശേഖരിച്ച മുഴുവന്‍ തെളിവുകളും വിജിലന്‍സിന് കൈമാറും. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകള്‍ ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ ജയകുമാറിനെ തന്റെ സ്‌പെഷ്യല്‍ െ്രെപവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്താക്കാന്‍ തയ്യാറാവണം.  പെന്‍ഷന്‍ വാങ്ങുന്നതിനൊപ്പം ശമ്പളയിനത്തില്‍ അധികപണമായി ഇദ്ദേഹം കൈപ്പറ്റിയ 8,73,214 രൂപ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഈ പണം തിരിച്ചടക്കണമെന്ന് റജിസ്ട്രാര്‍ ആവശ്യപ്പെട്ടപ്പോള്‍, പണം തിരിച്ചടപ്പിക്കാന്‍ റജിസ്ട്രാര്‍ക്ക് അധികാരമില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് ജയകുമാര്‍ നല്‍കിയത്. നിയമത്തെ ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടാണിത്. സര്‍വ്വകലാശാല നല്‍കിയ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇതുവരേയും തിരിച്ചേല്‍പ്പിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നത് കൊണ്ടാണ് ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടത്. ജയകുമാറിനെതിരായ അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമല്ല.  ജയകുമാര്‍ വി.സിയായിരിക്കെ പണം ചെലവഴിച്ചതു സംബന്ധിച്ച് രണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 29 കോടി രൂപ എച്ച്.പി.എല്‍ ക മ്പനിക്ക് നല്‍കിയതില്‍ 3.25 കോടി രൂപ അനാവശ്യമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അമ്മാവനാണ് തിരുവനന്തപുരം ലോ അക്കാദമി ചെയര്‍മാനായ നാരായണന്‍ നായര്‍ എന്നത് കൊണ്ടാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തിയിട്ടും സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടാത്തതെന്നും ഫിറോസ് ആരോപിച്ചു.  പത്ര സമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുല്‍ഫിക്കല്‍ സലാം, സെക്രട്ടറി കെ.എസ് സിയാദ്, ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ് എന്നിവരും സംബന്ധിച്ചു.