കോണ്‍ഗ്രസ് നേതാവിനെ ഗൂണ്ടാലിസ്റ്റില്‍പ്പെടുത്താന്‍ പൊലീസ് മാഫിയ

കോണ്‍ഗ്രസ് നേതാവ് എം.എ ലത്തീഫിനെ ഗൂണ്ടാലിസ്റ്റില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് രാഷ്ട്രീയകേസുകളുടെ പേരില്‍

നീക്കത്തിന് പിന്നില്‍ ഷെഫിന്‍ അഹമ്മദും എസ്.ഐ ഹേമന്ദ്കുമാറും

ദളിത് പീഡനത്തില്‍ എസ്.ഐക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയില്ല.

കേസ് അട്ടിമറിയ്ക്കാന്‍ എസ്. ഐ ജി.ഡി. ബുക്ക് വലിച്ചു കീറി

പൊലീസ് മാഫിയയുടെ നീക്കം മുഖ്യമന്ത്രിയെപ്പോലും വകവയ്ക്കാതെ

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

തിരുവനന്തപുരം: രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്തുണ്ടായ കേസുകളുടെ പേരില്‍ തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ ഗൂണ്ടാലിസ്റ്റില്‍പ്പെടുത്തി തുറങ്കിലടയ്ക്കാന്‍ പൊലീസ് മാഫിയയുടെ നീക്കം.

തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ട്രഷററും പ്രമുഖ നേതാവുമായ എം.എ ലത്തീഫിനെയാണ് ഗൂണ്ടാലിസ്റ്റില്‍പ്പെടുത്താന്‍ മുന്‍ റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദും കഠിനംകുളം എസ്.ഐ ഹേമന്ദ്കുമാറും ചേര്‍ന്ന് ശ്രമിക്കുന്നത്.

രാഷ്ട്രീയ കേസുകളുടെ മറവില്‍ നേതാക്കള്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പുല്ലുവിലകല്‍പ്പിച്ചാണ് പൊലീസ് മാഫിയയുടെ ഗൂഢനീക്കം.

ലത്തീഫിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആര്‍.ഡി.ഒ കോടതിക്ക് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കി. കഠിനംകുളം എസ്‌ഐയുടെ ക്രമവിരുദ്ധ നടപടികള്‍ക്കെതിരെ നിരന്തരം സമരം ചെയ്തതിന്റെ പേരിലാണ് എം.എ ലത്തീഫിനെ കുടുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. ലത്തീഫിനെതിരെ നിലവിലുള്ള ആറു കേസുകളും ബഹുജന മാര്‍ച്ചോ സമരമോ നടത്തിയതിന്റെ പേരിലുള്ളതാണ്.

വെട്ടുതുറയില്‍ കടപ്പുറത്തു താമസിക്കുന്ന വയോധികനെയും ഭാര്യയും ആക്രമിച്ച വ്യക്തിയെ പൊലീസ് പിടികൂടി വിട്ടയച്ചതിന്റെ പേരിലായിരുന്നു ആദ്യ സമരം. അന്ന് ലത്തീഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇതിന് ലത്തീഫിനെ പ്രതിയാക്കി കേസെടുത്തു. മുതലപ്പൊഴി നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരത്തിലാണ് രണ്ടാമത്തെ കേസ്. കടല്‍ഭിത്തി പൊളിഞ്ഞു തീരദേശ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ലത്തീഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തിരയില്‍പ്പെട്ട പ്രദേശവാസിയെ കാണാതായി നാലു ദിവസമായിട്ടും സര്‍ക്കാര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. നാലാംദിവസം ഇയാളുടെ മൃതദേഹം കിട്ടി. ഇതിനിടെ റോഡ് ഉപരോധിച്ചെന്നാരോപിച്ചു പൊലീസ് വീണ്ടും ലത്തീഫിനെ പ്രതിയാക്കി കേസെടുത്തു.

അതിനുശേഷം പുതുവല്‍ ഹരിജന്‍ കോളനിയിലെ സജിത് എന്ന യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചതിനെതിരെ ലത്തീഫിന്റെ നേതൃത്വത്തില്‍ വന്‍ ജനകീയ സമരം നടന്നു. ഡിജിപി ഓഫിസ് ഉപരോധവും നാട്ടുകാര്‍ നടത്തി. മീന്‍ വണ്ടി ഓടിക്കുന്ന സജിത്തിനെ പുലര്‍ച്ചെ രണ്ടിന് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് രാവിലെ പത്തിന് ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസ് മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ സജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് പിറ്റേദിവസം വീടാക്രമിച്ചെന്ന കള്ളക്കേസും സജിത്തിനെതിരെ ചുമത്തി. കസ്റ്റഡിയിലിരുന്ന തീയതിയിലെ ജി.ഡി ബുക്കിലെ പേജ് കീറിമാറ്റി അതിന് മുകളില്‍ മറ്റൊരു കടലാസ് ഒട്ടിച്ചാണ് ഇത് രേഖപ്പെടുത്തിയത്. ഇതിനെതിരെ സജിത് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാനോ എസ്‌ഐക്കെതിരെ നടപടിയെടുക്കാനോ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയത്. അതിന്റെ പേരിലും ലത്തീഫിനെതിരെ കേസെടുത്തു.

പാര്‍വതീ പുത്തനാറിലെ മാലിന്യവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തില്‍ പഞ്ചായത്ത് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചതിനും കേസ് റജിസ്റ്റര്‍ ചെയ്തു. ഇത്തരത്തില്‍ കേസുകള്‍ എടുത്തശേഷം മുന്‍ റൂറല്‍ എസ്പി വയര്‍ലസ് സെറ്റിലൂടെ ലത്തീഫിനെതിരായ കേസുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം നല്‍കുകയായിരുന്നു.

ഇക്കാര്യം അറിഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എസ്.പിയോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ വെറുതെ വിരട്ടാന്‍ മാത്രമെന്നായിരുന്നു മറുപടി. അതിനു പിന്നാലെയാണു ലത്തീഫിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കാന്‍ പൊലീസ് ആര്‍ഡിഒ കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും പുല്ലുവില കല്‍പ്പിച്ച് പൊലീസിലെ ക്രിമിനലുകള്‍ മാഫിയയെപ്പോലെ പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.