ഫൊക്കാന സ്ഥാപിത ട്രഷറര്‍ ഡോ. ജേക്കബ് ഒലസേല്‍ മാത്യു അന്തരിച്ചു

ഫൊക്കാന സ്ഥാപിത നേതാക്കളിലൊരാളും ആദ്യകാല ട്രഷററുമായിരുന്ന ഡോ. ജേക്കബ് ഒലസേല്‍ മാത്യു അന്തരിച്ചു. തിരുവനന്തപുരം എസ്‌യുടി ഹോസ്പിറ്റല്‍ ഇന്ന് വൈകുന്നേരം 5.40നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ്, മാര്‍തോമ്മാ സഭാ കൗണ്‍സില്‍ അംഗം, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് തുടങ്ങി നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

1939 ജൂണ്‍ 29ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ജേക്കബ് മാത്യു ജനിച്ചത്. കേരളത്തിലെ സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ഹാര്‍ഡ്വേര്‍ഡ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. നാല് പതിറ്റാണ്ട് കാലം ആതുര സേവന രംഗത്ത്, സൈക്യാട്രി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുകയും പ്രതിവിധി കണ്ടെത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഒറിജിന്‍, അമേരിക്കന്‍ പൗരത്വമുള്ള ജേക്കബ് മാത്യു, 2015 മുതല്‍ തിരുവനന്തപുരം കുറവന്‍കോണത്തായിരുന്നു താമസം. വയോജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേരളത്തിലെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സമഗ്രമായ പഠനഗ്രന്ഥം തയ്യാറാക്കി പ്രസിദ്ദീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു.നിലവില്‍ നാഷണല്‍ വൈഎംസിഎ സീനിയര്‍ ഇഷ്യൂ കമ്മിറ്റി ചെയര്‍മാന്‍, തിരുവനന്തപുരം സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ്, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 എ സീനിയര്‍ സിറ്റിസണ്‍സ് ജില്ലാ കോഡിനേറ്റര്‍, തിരുവനന്തപുരം വൈഎംസിഎ പേട്രന്‍, മദ്രാസ് യുഎസ് കോണ്‍സുലേറ്റിന്റെ തിരുവനന്തപുരം വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

റിപ്പോര്‍ട്ട്: അഡ്വ: സിജ ജോസ്